ബെംഗളൂരുവില്‍ മലയാളി യുവതിക്കുനേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം; യൂബറില്‍ ബുക്ക് ചെയ്ത ലോക്കേഷനിലേക്ക് പോകാതെ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാന്‍ കൂട്ടാക്കാതെ യൂബര്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പാതിവഴിയില്‍ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു. തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലോക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ വഴങ്ങിയില്ല. പ്രതിഷേധിച്ചപ്പോള്‍ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു.
കാര്‍ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറുകയായിരുന്നു.മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്‌നമില്ലെന്നാണ് ഓട്ടോ ഡ്രൈവര്‍ മറുപടി നല്‍കിയത്. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് യുവതിക്കുനേരെ അതിക്രമം കാണിച്ചത്. അതിക്രമത്തിന്റെ വീഡിയോയും യുവതി എക്‌സില്‍ പോസ്റ്റ് ചെയ്തു. തനിക്കുണ്ടായ അനുഭവവും യുവതി എക്‌സില്‍ വിവരിച്ചു.
സംഭവത്തില്‍ യൂബറിന് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.ബെംഗളൂരുവില്‍ എപ്പോഴും നടക്കുന്ന സംഭമാണിതെന്നും യൂബര്‍ ഓട്ടോ ബുക്ക് ചെയ്യുപ്പോള്‍ പലപ്പോഴും ഈ പ്രശ്‌നം നേരിടാറുണ്ടെന്നും യുവതി പറഞ്ഞു. പാതി വഴിയില്‍ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയും അടിക്കാന്‍ മുതിര്‍ന്നുവെന്നും യുവതി പറഞ്ഞു. കാറടക്കം പോകുന്ന വഴിയിലൂടെ ഓട്ടോ പോകില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റ ശ്രമമെന്നും യുവതി പറഞ്ഞു.
ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.കോറമംഗലയിലെ താമസ്ഥലത്തേക്ക് പോകാനാണ് യൂബര്‍ ഓട്ടോ വിളിച്ചത്. 300 രൂപയാണ് നിരക്ക് കാണിച്ചത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവതി വീഡിയോ സഹിതമാണ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.