പ്രണയം തകര്‍ന്നു; 23കാരിയായ കാമുകിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്: പ്രതിയെ മര്‍ദിച്ച് നാട്ടുകാര്‍

കാമുകിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്

Update: 2025-11-12 01:15 GMT

ഭോപാല്‍: പ്രണയം തകര്‍ന്നതിന് 23 വയസ്സുകാരിയായ കാമുകിയെ നടുറോഡില്‍ വച്ച് കുത്തി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. ജോലിക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന റിതു ഭണ്ഡാര്‍ക്കര്‍ എന്ന യുവതിയെയാണ് റോഷന്‍ ധര്‍വെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. പ്രണയം തകര്‍ന്നതിന്റെ പേരിലാണ് യുവതിയെ ഇയാള്‍ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ''കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലും മരണത്തിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇപ്പോള്‍ അവള്‍ എന്നെ ചതിക്കുകയാണ്. എന്നെ കൊല്ലാന്‍ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നു'', കൊലപാതകത്തിനു ശേഷം പ്രതി വിളിച്ചുപറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. സ്ഥലത്തുണ്ടായിരുന്ന സ്ത്രീ പ്രതിയോട് എന്തിനാണ് കൊല്ലുന്നതെന്ന് ചോദിച്ചപ്പോള്‍, ''അവളുടെ ജീവന്‍ രക്ഷിക്കാം, പൊലീസിനെ വിളിച്ച് അവളെ കൊണ്ടുപോകൂ'', എന്നായിരുന്നു പ്രതിയുടെ മറുപടി.

ബൈഹാറിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്രചെയ്തിരുന്നത്. സംഭവസമയം യുവതി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തര്‍ക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയും മര്‍ദിക്കുകുയും ചെയ്തു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.

Tags:    

Similar News