സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാന്‍ ഭാവിതലമുറയെ ബോധവാന്മാരാക്കണം; വിവാഹത്തിലെ തുല്യതയെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണം; സ്ത്രീധന പീഡന മരണത്തില്‍ നിരീക്ഷണവുമായി സുപ്രിംകോടതി

Update: 2025-12-16 12:46 GMT

ഡല്‍ഹി: സ്ത്രീധനം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയതായും വിവാഹത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി. സ്ത്രീധന പീഡന മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പിന്നാലെ സ്ത്രീധന മരണത്തിനും പീഡനത്തിനും ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി.

'ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഏറ്റവും ഹീനവും വേദനാജനകവുമായ ഒരു മരണത്തിലൂടെ ഈ ലോകത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അവളുടെ മാതാപിതാക്കള്‍ക്ക് വിവാഹത്തിലൂടെ കുടുംബത്തിന്റെ ആഗ്രഹങ്ങളോ അത്യാഗ്രഹമോ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ ഭൗതിക മാര്‍ഗങ്ങളോ വിഭവങ്ങളോ ഇല്ലാത്തതിനാല്‍ മാത്രമാണ് ഈ നിര്‍ഭാഗ്യകരമായ അന്ത്യം സംഭവിച്ചത്. ഒരു കളര്‍ ടെലിവിഷന്‍, ഒരു മോട്ടോര്‍ സൈക്കിള്‍, 15,000 രൂപ എന്നിവ മാത്രമാണ് അവള്‍ക്ക് ആകെ ഉണ്ടായിരുന്നത് എന്നതായിരുന്നു പ്രശ്‌നം'- കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധനം സമൂഹത്തില്‍ ആഴത്തിലുള്ള വേരോടിയിട്ടുണ്ടെന്നും അതിനാല്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് സാമൂഹിക മാറ്റം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈകോടതികള്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹത്തില്‍ സ്ത്രീധന മരണങ്ങള്‍ പരിഹരിക്കുന്നതിന് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍.കെ.സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുക, പൊലീസിനും ജുഡീഷ്യല്‍ ഓഫിസര്‍ക്കും ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് പരിശീലനം നല്‍കണമെന്നും സുപ്രീംകോടതി മാര്‍ഗ രേഖയിറക്കി.

Similar News