സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ട് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര; പിന്നാലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍
മസ്‌കറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി. മസ്‌കറ്റിലെ റോയല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒമാന്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണം. തുടര്‍ന്ന് അല്‍ ബുസ്ഥാന്‍ പാലസ് ഹോട്ടലില്‍ എത്തിയ നരേന്ദ്ര മോദിയെ പരമ്പരാകൃത ഇന്ത്യന്‍ - ഒമാനി നൃത്തങ്ങള്‍ ഒരുക്കി സ്വീകരിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി സംബന്ധിക്കും. ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. നാളെ രാവിലെ പത്തരയോടെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ മദീനത്തുല്‍ ഇര്‍ഫാന്‍ തീയറ്ററില്‍ ആണ് പ്രധാനമത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക. തുടര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് ഈ കൂടിക്കാഴ്ചയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം തുടങ്ങി വിവധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകളും കരാറുകളും കൂടിക്കാഴ്ചയിലുണ്ടാകും. നാളെ വൈകുന്നേരത്തോടെയാണ് പ്രധാനന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വന്തം വാഹനത്തിലാണ് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി വിമാനത്താവളത്തില്‍ എത്തിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രധാനമന്ത്രി ഒമാനിലേക്ക് തിരിച്ചത്. അബി അഹമ്മദ് അലി തന്നെയാണ് മോദിക്ക് യാത്രയയപ്പ് നല്‍കിയത്.
ആഡിസ് അബാബ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് എത്യോപ്യന്‍ ഭരണകൂടം ഒരുക്കിയിരുന്നത്. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച നടത്തി. എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
അവിസ്മരണീയ സന്ദര്‍ശനം എന്നാണ് എത്യോപ്യന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എത്യോപ്യന്‍ ജനതയുടെ സ്വീകരണവും സൗഹൃദവും താന്‍ കൂടെക്കൊണ്ടുപോകുന്നു. ഈ സന്ദര്‍ശനം ഇന്ത്യ-എത്യോപ്യ ബന്ധങ്ങള്‍ക്ക് ശക്തി പകരുന്നു. ഇരു രാജ്യങ്ങള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് നാം നമ്മുടെ ബന്ധങ്ങളെ ഉയര്‍ത്തി. എത്യോപ്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും എന്റെ നന്ദിയെന്നും പ്രധാനമന്ത്രി കുറിച്ചു.
