രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാന്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല; ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി

Update: 2025-12-19 08:15 GMT

ലഖ്നൗ: ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്നും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അലഹബാദ് ഹൈക്കോടതിയുടെ വിധി. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്ന് വ്യക്തമാക്കുകയാണ് കോടതി. പങ്കാളികള്‍ക്ക് ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചു. ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന 12 സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് വിവേക് കുമാര്‍ സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. തങ്ങളുടെ തിരഞ്ഞെടുപ്പിനെ കുടുംബാംഗങ്ങളും മറ്റും എതിര്‍ക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.

ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പം എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, അത് നിയമവിരുദ്ധമാണെന്നോ വിവാഹത്തിന്റെ പവിത്രതയില്ലാതെ ജീവിക്കുന്നത് കുറ്റകരമാണെന്നോ പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമം പോലും ഈ ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിയമത്തില്‍ 'ഭാര്യ' എന്ന പദത്തിന് പകരം 'സ്ത്രീ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വിവാഹേതര ബന്ധങ്ങളിലെ സ്ത്രീകള്‍ക്കും സംരക്ഷണം ഉറപ്പാക്കാനാണെന്ന് കോടതി വിശദീകരിച്ചു.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വിവാഹിതരാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതല്ല. രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാന്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ലിവിങ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നിഷേധിക്കുന്നത് നീതിനിഷേധമാണെന്നും കോടതി പറഞ്ഞു.

Similar News