ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 97 വിമാനങ്ങള്‍ റദ്ദാക്കി, 200 ലധികം സര്‍വീസുകള്‍ വൈകി

Update: 2025-12-21 08:44 GMT

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത കുറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച 97 സര്‍വീസുകള്‍ റദ്ദാക്കി. പുറപ്പെടേണ്ട 49 വിമാനങ്ങളും ഡല്‍ഹിയിലേക്ക് എത്തേണ്ട 48 വിമാനങ്ങളുമാണ് ഇത്തരത്തില്‍ മുടങ്ങിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം 200-ലധികം വിമാനങ്ങള്‍ നിശ്ചിത സമയത്തേക്കാള്‍ വൈകിയാണ് സര്‍വീസ് നടത്തിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍24.കോം അറിയിച്ചു.

മിക്ക വിമാനങ്ങളും ശരാശരി 30 മിനിറ്റ് വരെ വൈകിയാണ് സഞ്ചരിച്ചതെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും യാത്ര സുഗമമായെന്നും എയര്‍പോര്‍ട്ട് വക്താവ് എക്‌സിലൂടെ അറിയിച്ചു. പ്രതിദിനം ഏകദേശം 1,300 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കേറിയ ഈ വിമാനത്താവളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയില്‍ 66 സര്‍വീസുകള്‍ മഞ്ഞ് വീഴ്ച കാരണം റദ്ദാക്കേണ്ടി വന്നിരുന്നു.

ഡല്‍ഹിയിലും സമീപത്തുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (കങഉ) ഡല്‍ഹി നഗരത്തില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഞ്ഞ് കനക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനസമയത്തെക്കുറിച്ച് മുന്‍കൂട്ടി അന്വേഷിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Similar News