കര്‍ഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കര്‍ഷകനും പുലിയും കിണറ്റില്‍ വീണു: രക്ഷയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

ആക്രമിക്കാനെത്തിയ പുലിയും കർഷകനും കിണറ്റിൽ വീണു മരിച്ചു

Update: 2026-01-05 01:25 GMT

നാസിക്: പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കര്‍ഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കര്‍ഷകനും ആക്രമിക്കാനെത്തിയ പുലിയും കിണറ്റില്‍ വീണു. മഹാരാഷ്ട്രയിലെ സിന്നാര്‍ താലൂക്കിലാണ് സംഭവം. ഗോാരഖ് ജാദവ് എന്ന കര്‍ഷകനെയാണ് ഗോതമ്പു പാടത്തുവച്ച് പുലി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാദവ് മരണത്തിനു കീഴടങ്ങി.


പാടവരമ്പത്തിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് കര്‍ഷകനെ അപ്രതീക്ഷിതമായി പുലി ആക്രമിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജാദവ് സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു, പുലിയും അതേ കിണറ്റിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ കിണറ്റില്‍ കിടന്ന് മരിച്ചു. ആക്രമിച്ച പുലിയും ചത്തു.


സംഭവമറിഞ്ഞു വനപാലകര്‍ എത്തിയെങ്കിലും നാട്ടുകാര്‍ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥര്‍ക്കു കിണറിനു സമീപത്തേക്ക് പോകാനായില്ല. കിണറില്‍നിന്നും പുലിയെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ജനക്കൂട്ടം എത്തിയതോടെ മൂന്ന് മണിക്കൂറോളം സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനിന്നു.


ഈ സമയം കിണറില്‍ വീണപ്പോഴുണ്ടായ പരുക്കു മൂലം പുലി ചത്തു. തുടര്‍ന്നു ജാദവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും പുലിയുടെ ജഡം വനം വകുപ്പും കൊണ്ടുപോയി.

Tags:    

Similar News