വഖഫ് ബില്‍; സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ഇന്ന് വീണ്ടും ചേരും; പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും
വഖഫ് ബില്‍; സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ഇന്ന് വീണ്ടും ചേരും
ന്യൂഡല്‍ഹി: വഖഫ് ബില്ല് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗം ഇന്ന് വീണ്ടും ചേരും. ശനിയാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് ചേരുന്നത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജെപിസി ചെയര്‍മാന്‍ ജാഗദാംബിക പായലിനെതിരെ പ്രതിഷേധിച്ച പത്ത് പ്രതിപക്ഷ എംപിമാരെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തിടുക്കപ്പെട്ട യോഗം ചേര്‍ന്നതിനും ചെയര്‍മാന്‍ സ്വന്തം അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനുമെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ജെപിസി അധ്യക്ഷന്റെ തീരുമാനത്തിനെതിരെ ഇന്നും പ്രതിപക്ഷം എംപിമാര്‍ പ്രതിഷേധിക്കും. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.
കല്യാണ്‍ ബാനര്‍ജി, അസദുദ്ദീന്‍ ഉവൈസി, എ. രാജ, മുഹമ്മദ് ജാവേദ്, സീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
കരട് നിയമനിര്‍മ്മാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങള്‍ക്ക് മതിയായ സമയം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതോടെ പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ ബഹളമുണ്ടാവുകയായിരുന്നു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വഖഫ് ഭരണഘടനാ ഭേദഗതി വേഗത്തില്‍ നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചിരുന്നു.