തീർത്ഥാടക സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേർ മരിച്ചു; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ചാന്ദ്ഷാലി ഘട്ടിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്തംബ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
അമിതവേഗത കാരണം ചുരത്തിലെ വളവിൽ വെച്ച് ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എട്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടസ്ഥലത്ത് പോലീസ് എത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. യാത്രാരംഭം മുതലേ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ചിലർ പോലീസിനോട് വെളിപ്പെടുത്തി. മരിച്ചവരുടെയും പരിക്കേറ്റരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന്റെ പ്രധാന കാരണമെന്നും പോലീസ് അറിയിച്ചു.