നഗരത്തിൽ പാൽ വില ഉയർന്നു, ഒപ്പം പാക്കറ്റ് പാൽ മോഷണവും; കട വരാന്തയിൽ നിന്നും പാൽ അടങ്ങിയ പെട്ടി മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; സംഭവം കർണാടകയിൽ
ബംഗളൂരു: കർണാടകയിൽ കൊനാനകുണ്ഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ നിന്നും പാൽ പാക്കറ്റുകൾ മോഷണം പോയ കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. നഗരത്തിൽ പാൽ വില ഉയർന്നതോടെ, പാക്കറ്റ് പാൽ മോഷ്ടിക്കുന്ന കുറ്റകൃത്യവും ഉയരുന്നതായാണ് വിവരം. പുലർച്ചെ പാൽ വിതരണക്കാർ കടകളിൽ പാക്കറ്റുകൾ എത്തിക്കുന്നതിനിടെയാണ് മോഷണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമാനമായ മോഷണങ്ങൾ സ്ഥലത്ത് നടക്കുന്നുണ്ട്.
റോഡരികിലെ ചില്ലറ വിൽപ്പനക്കാരന്‍റെ കട വരാന്തയിൽ പാൽ അടങ്ങിയ പെട്ടികൾ ഇറക്കിവെച്ച ശേഷം പാൽ കമ്പനി വാൻ പോകുന്ന തക്കം നോക്കിയാണ് മോഷണം. ഇരുചക്ര വാഹനത്തിൽ എത്തുന്ന സംഘമാണ് പെട്ടി ഉൾപ്പെടെ തട്ടിയെടുത്ത് സ്ഥലം വിടുന്നത്. പിന്നീട് കടക്കാരൻ രാവിലെ കടതുറക്കാൻ എത്തിമ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടക്കാരൻ വിളിച്ചതു പ്രകാരം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല.
1000 രൂപയോളം വിലയുള്ള 15- 20 ലിറ്റർ പാലാണ് സംഘം കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ല. സംഭവത്തിൽ കടയുടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സമാനമായ മറ്റൊരു സംഭവത്തിൽ ഇന്ദിരാനഗറിലും പാൽ മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.