ക്ലാസെടുക്കുന്നതിനിടെ പുകവലി; സ്‌കൂൾ പരിസരത്ത് ദുർമന്ത്രവാദം; സ്‌കൂളിൽ പോകാൻ കുട്ടികൾക്ക് ഭയം; അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
ലുധിയാന: ക്ലാസെടുക്കുന്നതിനിടെ പുകവലിക്കുകയും സ്‌കൂൾ പരിസരത്ത് ദുർമന്ത്രവാദം നടത്തുന്നുവെന്നും ആരോപിച്ച് പ്രൈമറി സ്കൂൾ അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്ത് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ്. അധ്യാപികയായ കമൽജിത് കൗറിനെ സസ്പെൻഡ് ചെയ്തു. അധ്യാപികയുടെ പെരുമാറ്റം കുട്ടികളെ മോശമായി ബാധിക്കുന്നു എന്ന് ആരോപിച്ച് പഞ്ചായത്തും ഗ്രാമവാസികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലുധിയാനയിലെ ഭുക്രി കലൻ ഗ്രാമത്തിലാണ് സംഭവം.
പഞ്ചാബ് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടർ ഹർകിരത് കൗറാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യമായല്ല ഈ അധ്യാപിക നടപടി നേരിടുന്നത്. നേരത്തെ മറ്റൊരു സ്‌കൂളിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതിന് അവരെ സസ്‌പെൻഡ് ചെയ്തിരുന്നതായും ഡി.ഇ.ഒ പറഞ്ഞു. സ്കൂൾ സമയത്ത് അധ്യാപിക ക്ലാസ് മുറിയിൽ 'പാദ പൂജ' നടത്താറുണ്ടെന്ന് ഗ്രാമത്തിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ ഡി.ഇ.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു.
അധ്യാപിക വിദ്യാർഥികളുടെ മുന്നിലിരുന്ന് ക്ലാസ് മുറിയിൽ പുകവലിക്കുന്നതായും പരാതിയിലുണ്ട്. കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നതിനാൽ അവർ ഭയപ്പെടുകയും സ്കൂളിൽ പോകാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നതായും മാതാപിതാക്കൾ ആരോപിച്ചു. വിചിത്രമായ രീതിയിയിലാണ് അധ്യാപിക പെരുമാറിയിരുന്നതെന്നും ഇവരെ ജോലിയിൽനിന്ന് പുറത്താക്കണെമെന്ന് അധികാരികൾക്ക് ശുപാർശ നനൽകിയിട്ടുണ്ടെന്നും ഡി.ഇ.ഒ പറഞ്ഞു.