ആണവനിലയങ്ങളെ ലൈസന്‍സിംഗ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 44-ാം വകുപ്പ് വലിയ അപകടമുണ്ടാക്കും; ഇത് ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന 'നിയമപരമായ വിടവ്'; ശാന്തി ബില്ലില്‍ മുന്നറിയിപ്പുമായി ശശി തരൂര്‍

Update: 2025-12-17 10:19 GMT

ന്യൂഡല്‍ഹി: ലോക്സഭയില്‍ അവതരിപ്പിച്ച 2025-ലെ 'ശാന്തി' ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ രംഗത്തെത്തി. ബില്ലിലെ വ്യവസ്ഥകള്‍ പൊതുസുരക്ഷയെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും അപകടത്തിലാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബില്‍ വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.

ആണവനിലയങ്ങളെ ലൈസന്‍സിംഗ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 44-ാം വകുപ്പ് വലിയ അപകടമുണ്ടാക്കുമെന്നും ഇത് ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന 'നിയമപരമായ വിടവ്' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഫുകുഷിമ ദുരന്തം പോലുള്ള ആഗോള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ബില്‍ പരാജയപ്പെട്ടുവെന്നും നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാര പരിധി അപര്യാപ്തമാണെന്നും തരൂര്‍ വാദിച്ചു.

റേഡിയേഷന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ പ്രകടമാകാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ പരാതി നല്‍കാനുള്ള കാലപരിധി വെട്ടിച്ചുരുക്കിയത് നീതിയുക്തമല്ല. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആണവ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നത് ലാഭം സ്വകാര്യ മേഖലയ്ക്കും ദുരന്തബാധ്യത സര്‍ക്കാരിനും എന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാക്കുന്നത് ജനങ്ങള്‍ക്ക് നീതി നിഷേധിക്കലാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

തിടുക്കത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പകരം ഭാവി തലമുറയുടെ സുരക്ഷ മുന്‍നിര്‍ത്തി പുനഃപരിശോധന വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Similar News