ഹൈദരാബാദിൽ ഫാം ഹൗസിൽ റെയ്ഡ്; പിടിച്ചെടുത്തത് 11 കോടി രൂപ; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്; ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്ന് അന്വേഷണ സംഘം
തെലങ്കാന: ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം 11 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്ന് സൂചന. വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ആന്ധ്രാപ്രദേശ് മദ്യ കുംഭകോണവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിലെ നാൽപതാം പ്രതി വരുൺ പുരുഷോത്തമിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കച്ചാരാമിലുള്ള ഫാമിൽ നടത്തിയ റെയ്ഡിലാണ് 11 കോടി രൂപ പിടിച്ചെടുത്തത്. 12 പെട്ടികളായാണ് പണം സൂക്ഷിച്ചിരുന്നത്.
ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി കരുതപ്പെടുന്ന പണമിടപാടുകളെക്കുറിച്ചും ബന്ധമുള്ള പ്രമുഖരുടെ പങ്കാളിത്തത്തെക്കുറിച്ചും വരുൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസിൽ എസ്‌ഐടി വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. വൈഎസ്ആർസിപിയിലെ മുതിർന്ന നേതാക്കളുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകൾ കണ്ടെത്തിയെന്നും അതികൃതർ അറിയിച്ചു.
കൂടുതൽ ഉന്നതരുടെ പേരുകൾ ഉടൻ തന്നെ പ്രതികളുടെ പട്ടികയിൽ ചേർക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നു. കേസുമായി ബന്ധപ്പെട്ട് എംപി പി വി മിഥുൻ റെഡ്ഡി, മുൻ എംഎൽഎ ചെവ്റെഡ്ഡി ഭാസ്‌കർ റെഡ്ഡി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെ ധനുഞ്ജയ റെഡ്ഡി, കൃഷ്ണ മോഹൻ റെഡ്ഡി തുടങ്ങിയവരുടെ അറസ്റ്റ് ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികാരനടപടികളുടെ ഭാഗമാണെന്ന് വൈഎസ്ആർസിപി നേരത്തെ ആരോപിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി അവരെ വേട്ടയാടുകയാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും വൈഎസ്ആർസിപി എംപി വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു.