പൗരത്വ രേഖകള്‍ പരിശോധിക്കണം; ആറംഗ കുടുംബത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്ന നടപടികള്‍ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

ആറംഗ കുടുംബത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്ന നടപടികള്‍ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

Update: 2025-05-02 15:14 GMT

ന്യൂഡല്‍ഹി: വിസ കാലാവധി അവസാനിച്ചതിന് പിന്നാലെ ആറ് പേരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്ന നടപടിക്ക് താത്കലിക സ്റ്റേ. പാകിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ദേശം ലഭിച്ച കുടുംബത്തിന്റെ പൗരത്വ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ബംഗളൂരുവില്‍ താമസിക്കുന്ന അഹമ്മദ് തരെക് ബട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്ന കാലയലവിലേക്കാണ് നാടുകടത്തല്‍ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

മാനുഷിക പരിഗണനയുള്ള വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി, രേഖകള്‍ പരിശോധിക്കാനുള്ള ഉത്തരവില്‍ പരാതിയുണ്ടെങ്കില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കുടുംബത്തിനെ അറിയിച്ചു. അഹമ്മദ് തരെക് ബട്ടും അദ്ദേഹത്തിന്റെ അഞ്ച് കുടുംബാംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സാധുവായ ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി പാകിസ്ഥാനിലേക്ക് നാടുകടത്തിയതായി അവകാശപ്പെട്ടാണ് ഹര്‍ജി.

പാക് അധിനിവേശ കശ്മീരില്‍ ജനിച്ച തന്നെയും തന്റെ കുടുംബത്തെ നാടുകടത്തിയതിനെതിരെയാണ് അഹമ്മദ് തരെക് സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും പാകിസ്ഥാന്‍ പൗരന്മാരല്ലെന്നും അവകാശപ്പെട്ടായിരുന്നു ഹര്‍ജി. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കേന്ദ്രം പാകിസ്ഥാന്‍ പൗരന്മാരുടെ വിസ റദ്ദാക്കുകയും അവരോട് സ്വന്തം രാജ്യത്തേക്ക മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

തനിക്കും മാതാപിതാക്കള്‍, സഹോദരി, ഇളയ സഹോദരന്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തിനും ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. 1997 വരെ പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരില്‍ താമസിച്ചിരുന്നതായും തുടര്‍ന്ന് ശ്രീനഗറിലേക്ക് താമസം മാറി. ശ്രീനഗറില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2009 ല്‍ ഉന്നത പഠനത്തിനായി ബംഗളൂരുവിലേക്ക് താമസം മാറി.

Tags:    

Similar News