ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ ജീവനക്കാർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ഉറപ്പാക്കണം; ഉത്തരവിറക്കി സുപ്രീംകോടതി

Update: 2025-08-14 12:12 GMT

ഡൽഹി: ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ ജീവനക്കാർക്ക് അപകടം സംഭവിച്ചാൽ എംപ്ലോയീസ് കോമ്പൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി. 1923ലെ നിയമം അനുസരിച്ച് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് പുറമെ, ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അപകടത്തിന്റെ സമയം, സ്ഥലം, സാഹചര്യങ്ങൾ എന്നിവ വ്യക്തമായി തെളിഞ്ഞാൽ, ജീവനക്കാരന്റെ തൊഴിലുമായി ബന്ധപ്പെട്ട അപകടമായി കണക്കാക്കി നഷ്ടപരിഹാരം നൽകാൻ നിയമത്തിലെ മൂന്നാം വകുപ്പ് അനുവ​ദിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിധി മഹാരാഷ്ട്രയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ വാച്ച്മാനായിരുന്ന ഷാഹു സംപത്റാവു ജാധവ് ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുറത്തുവന്നത്. 2003 ഏപ്രിൽ 22ന് ഫാക്ടറിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായിരുന്നു അപകടം. പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം.

ജാധവിന്റെ കുടുംബത്തിന് തൊഴിലാളി നഷ്ടപരിഹാര കമ്മീഷണർ 3,26,140 രൂപ നഷ്ടപരിഹാരവും 12% വാർഷിക പലിശയും നൽകാൻ ഉത്തരവിട്ടിരുന്നു. കൂടാതെ, തൊഴിലുടമയും ഇൻഷുറൻസ് കമ്പനിയും തുകയുടെ 50% പിഴയായി നൽകാനും നിർദ്ദേശിച്ചു. എന്നാൽ, അപകടം നടന്നത് ഫാക്ടറി പരിസരത്തല്ലെന്നും കിലോമീറ്ററുകൾ അപ്പുറെയാണെന്നും വാദിച്ച് തൊഴിലുടമയും കമ്പനിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നഷ്ടപരിഹാര വിധി റദ്ദാക്കപ്പെട്ടു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, കമ്മീഷണറുടെ വിധി ശരിവെക്കുകയായിരുന്നു.

Tags:    

Similar News