പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം; തൈയ്യല്‍ക്കാരനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി; സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
തിരുവനന്തപുരം: തൈയ്യല്‍ക്കാരനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്തുങ്കനല്ലൂര്‍ സ്വദേശിയും നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി (37)യെയാണ് വടശ്ശേരി പൊലീസ് പിടികൂടിയത്. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ച അക്രമത്തിലൂടെയാണ് കൊലപാതകം നടന്നത്.
നാഗര്‍കോവില്‍ ഡതി സ്‌കൂളിന് സമീപം തൈയ്യല്‍ക്കട നടത്തിവരികയായിരുന്ന തിട്ടുവിള സ്വദേശി ശെല്‍വം (60) ആണ് കുത്തേറ്റു മരിച്ചത്. വ്യാഴാഴ്ച രാത്രി കട കഴിയും സമയത്ത് തൈയ്യല്‍ക്കടയില്‍ പോയ ആളാണ് ശെല്‍വത്തെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ഉടന്‍ വിവരം അറിയിച്ചതോടെ പൊലീസ് എത്തി പരിശോധനകള്‍ ശക്തമാക്കി.
പരിസരത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ചന്ദ്രമണിയെ പൊലീസ് പരിശോധനകള്‍ക്കൊടുവില്‍ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.