അഹമ്മദാബാദിലെ തുണി ഫാക്ടറിയിൽ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ അപകടം; വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു; നാലു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Update: 2024-10-27 15:08 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ഇവർ ഐ.സി.യുവിലാണ്. നഗരത്തിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് അപകടമുണ്ടായത്.

ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു.

രാവിലെ 10.30 ഓടെയാണ് നരോളിലെ ഒരു ഫാക്ടറിയിൽ വിഷവാതകം ചോർന്നതിനെത്തുടർന്ന് ഒമ്പത് പേർക്ക് പരിക്കേറ്റതായും, തുടർന്ന് തൊഴിലാളികളെ എൽ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പോലീസിന് വിവരം ലഭിച്ചു. ആശുപത്രിയിൽ വെച്ചാണ് രണ്ട് പേർ മരിച്ചതെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.

ഏഴു തൊഴിലാളികളിൽ നാലു പേർ ഐ.സി.യുവിലാണ്. പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായി ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

പോലീസ്, ഫോറൻസിക്, വ്യാവസായിക സുരക്ഷ, ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം കൃതമായ കാരണമുൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനാവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ ഫാക്ടറിയിൽ മതിയായ രേഖകൾ ഉണ്ടോയെന്ന കാര്യങ്ങളിലുൾപ്പെടെ വ്യക്തത വരുത്തും. വ്യാവസായിക സുരക്ഷ, ഫാക്ടറി എൻ.ഒ.സി മുതലായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടി​ന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News