'അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ്; ആ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും മരണത്തില്‍ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു'; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ചു കുടുംബം; കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റു രേഖപ്പെടുത്തി

മൂന്ന് സഹപാഠികളുടെ അറസ്റ്റു രേഖപ്പെടുത്തി

Update: 2024-11-22 01:39 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് വീണുമരിച്ച വിദ്യാര്‍ഥിനി അമ്മു എ.സജീവിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ അഖില്‍ സജീവ് അടക്കമുള്ളവര്‍ പറയുന്നത്. ആരോപണവിധേയരായ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു സഹോദരന്‍ ആരോപിച്ചു.

പോലീസ് അന്വേഷണം തൃപ്തികരമാണ്. അമ്മുവിന്റെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു. മരണത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും അഖില്‍ പറഞ്ഞു. കുടുംബം ആവശ്യപ്പെട്ടാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന, പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതരുടെ വാദം സഹോദരന്‍ നിഷേധിച്ചു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. അമ്മുവിന്റെ ഒപ്പമുണ്ടായിരുന്ന ആരോ ഒരാള്‍ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. അത് ആരാണെന്ന് അറിയില്ല. അമ്മയുടെ വീട് കോട്ടയമാണ്.

അടുത്തുള്ള കോട്ടയത്തേക്ക് കൊണ്ടുപോകാതെ തിരുവനന്തപുരത്തേക്ക് എത്തിക്കാന്‍ കുടുംബം ഒരിക്കലും ആവശ്യപ്പെടില്ല. ആശുപത്രിയില്‍ കാലതാമസമുണ്ടായി. ഹോസ്റ്റലില്‍ പലതും സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അഖില്‍ പറഞ്ഞു. അതേസമയം കടുംബം സഹപാഠികള്‍ക്കെതിരെ മൊഴി നല്‍കിയതോടെ പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണ് ഇവര്‍. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

അതേസമയം, അമ്മുവിന്റെത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് പൊലീസ്. 'ഐ ക്വിറ്റ്' എന്ന് അമ്മു ഒരു പുസ്തകത്തില്‍ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ ആ കുറിപ്പ് അമ്മു എഴുതിയതാകില്ലെന്നാണ് കുടുംബം പറയുന്നത്. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.

അതിനിടെ അമ്മുവിന്റെ മരണത്തില്‍ കുറ്റക്കാരായ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയില്‍ കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. പരീക്ഷകള്‍, കലോത്സവം എന്നിവയെ ഒഴിവാക്കി. മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിക്കും.

കെ.എസ്.യു. കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

Tags:    

Similar News