തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്‍ഹോളില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങള്‍; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്

തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി

Update: 2025-03-22 08:55 GMT

തൊടുപുഴ: തൊടുപുഴയില്‍ നിന്നും കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് കണ്ടെത്തി. പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയായ ജോമോനും മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളുമാണ് പിടിയിലായകത്. കലയന്താനിയിലെ ക്യാറ്ററിങ് ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹമിട്ട് സിമന്റു കൊണ്ട് അടച്ച നിലയിലാണ് മൃതദേഹം.

മൃതദേഹം പുറത്തെടുത്ത ശേഷം വിശദമായ പരിശോധനകള്‍ അടക്കം നടത്തേണ്ടി വരും. കൊല്ലപ്പെട്ട ബിജു ദേവമാത കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോന് കൊടുക്കാനുള്ള പണം ബിജു കൊടുത്തിരുന്നില്ലെന്നാണ് വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിന്നിരുന്നു. ഈ തര്‍ക്കങ്ങളാണ് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന് വിവരം.

കാണാതായ ബിജുവിനെ തേടിയുള്ള അന്വേഷണാണ് കൊലപാതകം തെളിയിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസില്‍ നല്‍കി.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടര്‍ന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.

കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിയിലുള്ളവരില്‍ കൊട്ടേഷന്‍ സംഘങ്ങളുമുണ്ട്.

ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇടുക്കി എസ്പി അടക്കം പരിശോധനകള്‍ക്കായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് പൊളിച്ചു വേണം മൃതദേഹം പുറത്തെടുക്കാന്‍. പ്രതികള്‍ നല്‍കിയ മൊഴിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നതോടെയാണ് ബിജു കൊല്ലപ്പെട്ടുവെന്ന് വ്യക്തമായത്.

Tags:    

Similar News