കസ്റ്റഡിയില്‍ ഉള്ള ആളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്ന് വിളിപ്പിച്ചു; ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞു കൊണ്ടാണ് പോലീസിനോട് സംസാരിച്ചത്; അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃ വീട്ടില്‍ ശാരീരിക-മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകമായി; ഈ മൂന്ന് വയസ്സുകാരിയുടെ കൊലയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോക്‌സോ കേസെടുത്ത് പോലീസ്

Update: 2025-05-22 00:58 GMT

കൊച്ചി: ചാലക്കുടി പുഴയില്‍ മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വമ്പന്‍ ട്വിസ്റ്റ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതോടെ അറസ്റ്റിലായ അമ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം. ഇയാളെ രാത്രിയിലും ചോദ്യം ചെയ്തു. ഇനി അമ്മയുടെ മൊഴി എടുക്കും. അതിന് ശേഷമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ. വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുവാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.

പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെയാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയില്‍ ഉള്ള ആളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.

കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു. റിമാന്‍ഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂടെക്കൂട്ടിയാണു അമ്മ സ്വന്തം വീട്ടിലേക്കു പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോള്‍ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസില്‍വച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊഴിയെടുത്തപ്പോള്‍ അമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തില്‍ പൊലീസിനു സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനില്‍ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.

ആലുവ ഡിവൈഎസ്പി ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസും അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തിങ്കളാഴ്ച രാത്രി ചാലക്കുടിപ്പുഴയില്‍ തിരച്ചില്‍ നടത്തി. 12.30 മുതല്‍ സ്‌കൂബ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20ന് 36 അടി താഴ്ചയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Similar News