മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി; കലി മൂത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയറ്റില്‍ കുത്തി; താഹ മുകള്‍ നിലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തി റാഷിദ്; അരുംകൊല താഹയും ഭാര്യയും ഹജ്ജിന് പുറപ്പെടാനിരിക്കെ
മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി
തിരുവനന്തപുരം: മംഗലപുരത്ത് വയോധികനെ യുവാവ് കുത്തിക്കൊന്നത് മകളെ കല്യാണം കഴിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍. 31കാരനായ റാഷിദിന്റെ (31) കുത്തേറ്റ് തോന്നയ്ക്കല്‍ പാട്ടത്തിന്‍കര സ്വദേശി താഹയാണ് (67) മരിച്ചത്. റാഷിദ് മുന്‍പും ഇയാളെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
മകളെ വിവാഹം ചെയ്ത് തരാത്തതിനാലാണ് കൊലപാതകമെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. റാഷിദ് വീട്ടിലേക്ക് ഓടിക്കയറി കത്തികൊണ്ട് താഹയെ കുത്താന്‍ ശ്രമിച്ചു. താഹയുടെ ഭാര്യ നൂര്‍ജഹാന്‍ അത് തടഞ്ഞതോടെ, നൂര്‍ജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാള്‍ താഹയെ കുത്തിയത്.
വയറ്റില്‍ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തിയ പ്രതിയെ ഓടിയെത്തിയ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് വിവരമറിയിരിക്കുകയായിരുന്നു. താഹയുടെ വയറ്റില്‍ നാലിടത്ത് ഗുരുതരമായി കുത്തേറ്റു് കുടല്‍മാല പുറത്തുചാടി. നാട്ടുകാര്‍ താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. നേരത്തെയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.