ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ മൊഴി നല്‍കി; എഫ് ഐ ആറിലെ ഒന്നാം പ്രതിയ്ക്ക് വിജിലന്‍സ് നടത്തുന്നത് പഴുതടച്ച അന്വേഷണം; കശുവണ്ടി കൈക്കൂലിയില്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്‍ അഴിക്കുള്ളിലാകുമോ? സിഎക്കാരന്‍ രഞ്ജിത് വാര്യരും ഇടനിലക്കാരന്‍ മാത്രമോ?
തിരുവനന്തപുരം: കശുവണ്ടി വ്യവസായില്‍ നിന്ന് രണ്ട് കോടി കൈക്കൂലിവാങ്ങിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥനെതിരെ മൊഴി. ശനിയാഴ്ച അറസ്റ്റിലായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേര് പരാമര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കേസിലെ എഫ് ഐ ആറില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് ഒന്നാം പ്രതി. ശേഖര്‍ കുമാറിനെതിരെയാണോ മൊഴി എന്നത് വിജിലന്‍സ് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിന്‍സ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥനെയും ഉടന്‍ ചോദ്യം ചെയ്യും. ഇഡി കൊച്ചി യൂണിറ്റിനെതിരെ നേരത്തെ തന്നെ കുറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍, എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റ് എന്ന നിലയ്ക്ക് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും പറഞ്ഞു.
മെയ് 14ന് പരാതിക്കാരന് സമന്‍സ് ലഭിച്ചതായി വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് വില്‍സണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡില്‍ നേരില്‍ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടില്‍ നല്‍കാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏല്‍പ്പിക്കാനും വില്‍സണ്‍ നിര്‍ദേശിച്ചു. 50,000 രൂപകൂടി അധികമായി നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നല്‍കി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലന്‍സിനെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അതിന് ശേഷമാണ് സിഎക്കാരന്‍ രഞ്ജിത് വാര്യരെ പിടികൂടിയത്.
വ്യാഴം പകല്‍ മൂന്നിന് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി. ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങള്‍ പ്രതികള്‍ക്ക് നല്‍കി രണ്ട് കോടി രൂപ പരാതിക്കാരനില്‍ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചതും രഞ്ജിത്ത് വാര്യര്‍ ആണെന്നതിന് തെളിവും കിട്ടി. ഇതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും, കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും കാണിച്ച് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും 2024-ല്‍ ഒരു സമന്‍സ് ലഭിച്ചിരുന്നു. ഇതനുസരിച്ച് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു.
ഇതിനു ശേഷം ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിക്കുകയും, നേരില്‍ കാണുകയും ചെയ്തു. കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് എന്ന് ഇയാള്‍ വ്യവസായിയോട് പറഞ്ഞതായാണ് മൊഴി. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിനായി ഓഫീസില്‍ നിന്നും വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് ഏജന്റായ വില്‍സണ്‍ പരാതിക്കാരനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് 14.05.2025 ന് വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിക്കുകയും ചെയ്തു.
ശേഷം ഏജന്റായ വില്‍സണ്‍ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡില്‍ വച്ച് കാണുകയും, കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും, 50,000/ രൂപ കൂടി അധികമായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറയുകയും, അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൊടുക്കുകയും ചെയ്തു. കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇതിനായി കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് 15 ന് വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 2,00,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ഇ.ഡി ഏജന്റായ വില്‍സണെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.