ക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്ത രഹിതമെന്ന് കണ്ടെത്തി; ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ വേഷം കെട്ടിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും നേടി; മെയിന്‍ അക്കൗണ്ടില്‍ നിന്നും പണം എടുത്തത് ചെറിയ തുകയായി; ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ചത് കുതന്ത്രത്തില്‍; ആ നാലു പേര്‍ കുടുങ്ങിയ കഥ
ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പ്ലാറ്റഫോമായി ക്രെഡിനെ കബിളിപ്പിച്ച് 12.51 കോടി രൂപ തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍. ക്രെഡിനെ പറ്റിച്ച് പണം തട്ടിയത് വളരെ തന്ത്രപൂര്‍വം. ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടന്നത്. ഗുജറാത്ത് സ്വദേശികളായ നാല് പേരാണ് സംഭവത്തില്‍ പിടിയിലായത്. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഇയാളുടെ സുഹൃയ്യ് നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രെഡിന്റെ അക്കൗണ്ടില്‍ നിന്ന് 12.51 കോടി രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ബംഗളൂരുവിലെ ആക്സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
ആക്സിസ് ബാങ്കിന്റെ ബെംഗളുരുവിലെ ഇന്ദിരാനഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പ്പറേറ്റ് അക്കൗണ്ട് ഉള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടക്കാറുണ്ട്. മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയ റിലേഷന്‍ഷിപ്പ് മാനേജറായ വൈഭവ്, ഇതിലേക്കുള്ള യൂസര്‍നെയിമും പാസ്വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരില്‍ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നല്‍കിച്ചു. ഇയാളുടെ ഇന്‍സ്റ്റാഗ്രാമിലെ സുഹൃത്താണ് നേഹ. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. തുടര്‍ന്ന് ഗുജറാത്തിലെ അങ്കലേശ്വര്‍ ബ്രാഞ്ചില്‍ നേഹ അപേക്ഷ നല്‍കി.
നേഹ നല്‍കിയ കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് അപേക്ഷ അംഗീകരിച്ചതോടെ ഇവര്‍ക്ക് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് ചെറിയ തുകകളായി ഇവര്‍ സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്കും പണം മാറ്റി. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ബെംഗളൂരു പോലീസ് നേഹയെ ആദ്യം അറസ്റ്റ് ചെയ്തു. ആക്‌സിസ് ബാങ്കിന്റെ അങ്കലേശ്വര്‍ ശാഖയില്‍ ഡിസംബര്‍ 21 ന് വ്യജാ രേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന് പിന്നില്‍ നേഹയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനിടെ വൈഭവ് പിട്ടാഡിയയാണ് ഇതിന്റെ സൂത്രധാരനെന്ന് നേഹ വെളിപ്പെടുത്തി. തുടര്‍ന്നാണ് വൈഭവും, പിന്നാലെ ശൈലേഷും ശുഭവും അറസ്റ്റിലാകുന്നത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായി ഇവര്‍ 12.5 കോടി രൂപയാണ് തട്ടിയെടുത്തത്.