460 കോടിയുടെ ആസ്തിയുള്ള തെലങ്കാനയില്‍ വ്യവസായിയെ കൊലപ്പെടുത്തിയത് പേരക്കുട്ടി; സ്വത്ത് ഭാഗിച്ചത് നീതിയോടെയല്ലെന്ന് പറഞ്ഞ് തര്‍ക്കം; കലിയടങ്ങാതെ കുത്തിയത് 70 തവണ; അരുംകൊല ചെയ്ത കീര്‍ത്തി തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍

460 കോടിയുടെ ആസ്തിയുള്ള തെലങ്കാനയില്‍ വ്യവസായിയെ കൊലപ്പെടുത്തിയത് പേരക്കുട്ടി

Update: 2025-02-10 12:20 GMT

ഹൈദരാബാദ്: തെലുങ്കാനയെ നടുക്കിയ അരുംകൊലയായിരുന്നു വ്യവസായി വി.സി. ജനാര്‍ദന റാവു(86)വിന്റെ കൊലപാതകം. ഈ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വ്യവസായിയെ പേരമകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പൊലീസ് വെളിപ്പെടുത്തി. 460 കോടിയുടെ ആസ്തിയുള്ള വെല്‍ജന്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് കൊല്ലപ്പെട്ട ജനര്‍ദ്ദന റാവു. സംഭവത്തില്‍ പേരക്കുട്ടിയായ കീര്‍ത്തി തേജയെ അറസ്റ്റ് ചെയ്തു.

പി.ജി പൂര്‍ത്തിയാക്കിയ ശേഷം യു.എസില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു കീര്‍ത്തി തേജ. വ്യാഴാഴ്ച രാത്രി തേജയും അമ്മ സരോജിനി ദേവിയും ഹൈദരാബാദിലെ മുത്തശ്ശന്റെ വീട്ടിലെത്തി. തേജ മുത്തശ്ശനുമായി സംസാരിച്ചിരിക്കുമ്പോള്‍ സരോജിനി ദേവി ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. കമ്പനിയുടെ ഡയറക്ടര്‍ പദവിയെ ചൊല്ലിയാണ് മുത്തശ്ശനും പേരക്കുട്ടിയും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

അടുത്തിടെ റാവു മൂത്തമകളുടെ മകന്‍ ശ്രീകൃഷ്ണയെ വെല്‍ജന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയി നിയമിച്ചിരുന്നു. ഒപ്പം നാലുകോടിയുടെ ഓഹരി രണ്ടാമത്തെ മകളായ സരോജിനിയുടെ മകനായ തേജക്കും നല്‍കി. ഒപ്പം നാലുകോടി രൂപയുടെ ഓഹരി രണ്ടാമത്തെ മകളായ സരോജിനിയുടെ മകനായ തേജക്കും നല്‍കി. ഇതില്‍ നീതിയില്ലെന്നും മുത്തച്ഛന്‍ പേരക്കുട്ടികളെ രണ്ട് രീതിയിലാണ് കണ്ടതെന്നുമായിരുന്നു തേജയുടെ ആരോപണം. കുട്ടിക്കാലം മുതല്‍ തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചു.

വാക്തു തര്‍ക്കത്തിനൊടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട തേജ കത്തികൊണ്ട് മുത്തശ്ശനെ കുത്തുകയായിരുന്നു. കലിയടങ്ങും വരെ മുത്തശ്ശനെ കുത്തി. സ്ഥലത്തുവെച്ചു തന്നെ ജനാര്‍ദ്ദന റാവു കൊല്ലപ്പെട്ടു. 70ലേറെ തവണ റാവുവിന് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരുടെ വഴക്കില്‍ ഇടപെട്ട അമ്മയെയും തേജ കുത്തിപ്പരിക്കേല്‍പിച്ചു. നാലു കുത്തേറ്റ സരോജിനി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ഗാര്‍ഡിനെ തേജ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേജയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാനയില്‍ അറിയപ്പെടുന്ന വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ജനാര്‍ദന റാവു. കപ്പല്‍ നിര്‍മാണം, ഊര്‍ജം, വ്യാവസായിക രംഗത്തെ യന്ത്രവത്കരണം തുടങ്ങി നിരവധി മേഖലകളില്‍ റാവു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വ്യവസായിയുടെ നടുക്കുന്ന അരുംകൊലയുടെ നടുക്കത്തിലാണ് തെലുങ്കാന.

Tags:    

Similar News