കൈയ്യിലുള്ള പത്ത് രൂപ നോട്ടിന്റെ ഫോട്ടോ ഗിരീഷന്‍ നായര്‍ക്ക് കൈമാറി; അത് വാട്‌സാപ്പിലൂടെ സേട്ടിനും കിട്ടി; പണം നല്‍കിയത് ഫോട്ടോയിലെ ചിത്രവുമായി ഒര്‍ജിനല്‍ ഒത്തു നോക്കി വ്യക്തത വരുത്തി; കള്ളപ്പണം ഒഴുക്കുന്നവരുടെ കരുതല്‍ ചര്‍ച്ചയാക്കി കൊടകര! കാറിലെ രഹസ്യ അറയ്ക്ക് മുടക്കിയത് ഒന്നര ലക്ഷവും
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ ധര്‍മ്മരാജന്റെ മൊഴി നിറയുന്നത് കള്ളപ്പണ ഇടപാടുകാരുടെ സൂക്ഷ്മത. പണം കൈമാറുന്നത് കൃത്യമായ വ്യക്തിയ്ക്കാണോ എന്ന് ഉറപ്പിക്കാനാണ് ഇതെല്ലാം. കര്‍ണാടകയില്‍നിന്ന് കോടികള്‍ കൈപ്പറ്റുന്നതിനുള്ള തിരിച്ചറിയല്‍ രേഖ പത്തുരൂപയുടെ നോട്ടെന്ന് പോലീസിന് നല്‍കിയ ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്. ബിജെപി ഓഫീസ് സെക്രട്ടറിയായ ഗിരീഷ് നായരും സേട്ടുമാരും തമ്മിലുള്ള ഇടപെടലുകളാണ് ഇതില്‍ തളിയുന്നത്. തന്റെ കൈവശമുള്ള നോട്ടിന്റെ ഫോട്ടോയെടുത്ത് ധര്‍മരാജന്‍ ഗിരീശന്‍ നായര്‍ക്ക് കൈമാറി. ഗിരീശന്‍ നായര്‍ ഈ രൂപയുടെ ഫോട്ടോ വാട്‌സാപ്പ് വഴി കര്‍ണാടകയിലെ സേട്ടുമാര്‍ക്ക് കൈമാറും. അവിടെ പണത്തിനായി എത്തേണ്ട ദിവസവും വഴിയുടെ ഗൂഗിള്‍ മാപ്പും ഗിരീശന്‍ നായര്‍ ധര്‍മരാജന് നല്‍കും. വാട്‌സാപ്പില്‍ കിട്ടിയ നോട്ടിന്റെ നമ്പറും ഒറിജിനല്‍ നോട്ടിന്റെ നമ്പറും ഒന്നാണെങ്കില്‍ മാത്രമാണ് പണം കൈമാറുക. ഇതായിരുന്നു കോടകരയില്‍ കവര്‍ച്ച ചെയ്ത പണത്തിന്റേയും സുരക്ഷാ കോഡ്.
കൊടകരയില്‍ പണം കടത്തുന്നതിനായി 4.75 ലക്ഷം കൊടുത്തുവാങ്ങിയ കാര്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്തിച്ച് ഒന്നര ലക്ഷം മുടക്കി രഹസ്യ അറ നിര്‍മിച്ചു. അതിന് ശേഷമായിരുന്നു കടത്തിന് ഉപയോഗിച്ചത്. വണ്ടിയിലുണ്ടായിരുന്നത് 25 ലക്ഷമായിരുന്നു എന്നായിരുന്നു ആദ്യം നല്‍കിയ പരാതിയിലെ മൊഴി. അന്വേഷണം പാര്‍ട്ടിയിലേക്ക് നീങ്ങിയതോടെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൊഴിമാറ്റി. മൂന്നരക്കോടി ഉണ്ടായിരുന്നെന്നും 3.25 കോടി തന്റേതും 25 ലക്ഷം സുനില്‍ നായിക്കിന്റേതുമാണെന്നായിരുന്നു മൊഴി. ഇതിന് രേഖകളുണ്ടെന്ന് കാണിച്ച് നല്‍കിയ മൊഴി പിന്നീട് മാറ്റി. രേഖകളില്ലെന്നായിരുന്നു അടുത്ത മൊഴി. അവസാനം അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴി ഇങ്ങനെയായിരുന്നു. ''ഗിരീശന്‍ നായരുടെ നിര്‍ദേശ പ്രകാരം ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന് ആലപ്പുഴയിലെ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനായി കൊണ്ടുപോയതാണ് പണം. ഇതില്‍ എന്റെ പണമില്ല. എന്റേതാണെന്ന് തെളിയിക്കാന്‍ രേഖകളില്ല. സുനില്‍ നായിക്കിന്റെ പണവുമില്ല. സുനില്‍ നായിക്കിന്റെ അനുമതിയോടെയാണ് 25 ലക്ഷം അദ്ദേഹത്തിന്റേതാെണന്ന് അവകാശപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂന്നരക്കോടി എന്റേതാണെന്ന് മുന്‍പ് പറഞ്ഞത് പരപ്രേരണയാലാണ്''.-ധര്‍മ്മരാജന്റെ ഈ മൊഴി തുടരന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാനത്ത് കോടികള്‍ എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിലെ കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് കര്‍ണാടകയില്‍ നിന്ന് ബിജെപി കേരളത്തിലെത്തിച്ചത്. മുന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിച്ചത്. ധര്‍മ്മരാജന്‍ നേരിട്ടാണ് പണം എത്തിച്ചത്. ടോക്കണ്‍ സംവിധാനം ഉപയോഗിച്ചായിരുന്നു പണം കൈമാറിയത്. കൊടകര കുഴല്‍പ്പണക്കേസില്‍ കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊടകരയില്‍ പിടിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നും ഇത് കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ഏഴാം സാക്ഷിയാണ് സുരേന്ദ്രന്‍. കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. ബംഗളുരുവില്‍ നിന്നാണ് കുഴല്‍പ്പണം എത്തിച്ചത്. കള്ളപ്പണം കേരളത്തിലെത്തിച്ച ധര്‍മരാജന്‍ സുരേന്ദ്രന്റെയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റെയും അടുപ്പക്കാരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ തുടരന്വേഷണത്തിനു അന്വേഷണം സംഘം ശുപാര്‍ശ ചെയ്യുന്നുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ കേസിലാണ് കേരളാ പോലീസ് തുടരന്വേഷണത്തിന് തയ്യാറാകുന്നത്.
തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. വണ്ടിയോടിച്ചിരുന്നത് ഷംജീര്‍ ഷംസുദ്ദീന്‍ എന്ന ഡ്രൈവറായിരുന്നു.അദ്ദേഹം തന്നെയാണ് താന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും. പണത്തിന്റെ ഉടമ ധര്‍മ്മരാജനായിരുന്നു. തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി. സുനില്‍ നായിക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ബന്ധമുള്ള നേതാവുമാണ്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് ഈ മൊഴിയെല്ലാം മാറി.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിക്കുക കൂടിയാണ് ധര്‍മ്മരാജന്‍. ചെറുപ്പത്തില്‍ ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷന്‍ പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷന്‍ പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നു തവണ പോയെന്നും ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയാണ് ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ തന്നെ പൊലീസ് പറയുന്നു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശന്റെ മൊഴി പോലീസ് എടുത്തു. സതീശിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.