അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയെ മയക്കു വെടിവെച്ചു; നിലത്തേക്ക് വീണ ആനയുടെ ആരോഗ്യ നിലയില്‍ ആശങ്ക: മുന്നിലുള്ളത് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണ ദൗത്യം

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയെ മയക്കു വെടിവെച്ചു

Update: 2025-02-19 02:29 GMT

തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു. രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി രാവിലെത്തന്നെ ആനയെ ലക്ഷ്യമിട്ടിരുന്നു. രണ്ട് തവണ വെടിവച്ചെന്നാണു വിവരം. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.

ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണു വെടിവച്ചത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്. ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി.

കുങ്കിയാന നില്‍ക്കുന്ന സ്ഥലത്തേക്കു കൊമ്പനെ എത്തിക്കാനാണു ശ്രമം. അതേസമയം കൊമ്പനൊപ്പം മറ്റൊരു ആനയുള്ളതു ദൗത്യത്തിനു വെല്ലുവിളിയാണ്. മൂന്ന് കുങ്കിയാനകളും ഡോക്ടര്‍മാരുടെ സംഘവും കൊമ്പന്റെ അരികിലെത്താനാണ് നീക്കം. ആന മയങ്ങിയാലുടന്‍ പിടികൂടി ലോറിയില്‍ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കു മാറ്റും. കോടനാട് കൂടിന്റെ നിര്‍മാണം ഇന്നലെ രാത്രി പൂര്‍ത്തിയായിരുന്നു. ആനയെ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളും തയാറാക്കി.

രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ഇന്നലെ വൈകീട്ടോടെ മോക്ക് ഡ്രില്‍ നടത്തി. ഉദ്യോഗസ്ഥര്‍ അഞ്ച് ടീമുകളായി തിരിഞ്ഞാണു ദൗത്യം.

ദൗത്യത്തിനായില്‍ എത്തിച്ച കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗന്‍വാടിക്ക് സമീപമാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു. അതിനാല്‍ വലിയ ഡോസില്‍ മയക്കുവെടിവെക്കാന്‍ കഴിയില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാല്‍, കൂട്ടില്‍ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയില്‍ ഇടിച്ചാല്‍ പരിക്ക് ഗുരുതരമാകും എന്നും സംശയമുണ്ട്.

ട്രാക്കിങ്, സപ്പോര്‍ട്ടിങ്, ഡാര്‍ട്ടിങ്, കുങ്കി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്. പ്ലാന്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തുടരാന്‍ തീരുമാനിച്ചത്.

Tags:    

Similar News