സ്ത്രീത്വത്തെ അപമാനിച്ചത് ഗൗരവമുള്ളത് തന്നെ; യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ ബെയ് ലിന്‍ ദാസിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ഉപാധിയോടെ ആണെങ്കിലും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം; പൊലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി; വിധി പറയാന്‍ തിങ്കളാഴ്ച്ചയിലേക്ക് മാറ്റി; സീനിയര്‍ അഭിഭാഷകന്‍ രണ്ട് ദിവസം കൂടി ജയിലില്‍ തുടരും
ബെയ് ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഈ മാസം 19ലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ വക്കീല്‍ ഓഫീസിനുള്ളില്‍വച്ച് ക്രൂരമായി മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഈ മാസം 19ലേക്ക് മാറ്റി. ഇരുവിഭാഗങ്ങളുടേയും വാദ പ്രതിവാദങ്ങള്‍ക്ക് പിറകെയാണ് വിധി പറയാന്‍ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചത്. പൊലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഇന്നലെ ജില്ലാ സെഷന്‍സ് കോടതി ബെയ്ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസിലുണ്ടായ തര്‍ക്കത്തിനിടെ തന്റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ജാമ്യഹര്‍ജിയെ ഇന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെ എന്ന് പ്രോസിക്യൂഷന്‍ വീണ്ടും നിരീക്ഷിച്ചു. ഒരു വക്കീല്‍ ഓഫീസിന് ഉള്ളില്‍ നടന്ന രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കം, അതാണ് ഇത്തരം സംഭവത്തില്‍ കലാശിച്ചതെന്ന് പ്രതിഭാഗവും വാദിച്ചു. സുപ്രീംകോടതി വരെ ഇത്തരം സംഭവങ്ങള്‍ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
യുവ അഭിഭാഷകയുടെ മുഖത്ത് കല്ലിച്ചുകിടന്നത് ക്രൂരകൃത്യത്തിന്റ വ്യക്തമായ തെളിവാണ്. വക്കീല്‍ ഭാഷയില്‍ പറഞ്ഞാല്‍ സോളിഡ് കോണ്‍ക്രീറ്റ് എവിഡന്‍സ്! സീനിയര്‍ വക്കീലിന് ഇത്തവണ കോടതിയില്‍ പ്രതിയുടെ വേഷമായിരുന്നു. സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച വില്ലന്റെ റോള്‍. ഇയാള്‍ നേരത്തെയും ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ചിട്ടുണ്ട്. അന്ന് ക്ഷമ പറഞ്ഞു ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്റെ ക്രൂരതയ്ക്ക് ഇരയായതിന്റെ ആഘാതത്തില്‍നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് ശ്യാമിലി.
ഇതിനിടയില്‍ ബാര്‍ അസോസിയേഷനിലെ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കില്ലെന്നും മര്‍ദ്ദനമേറ്റ ശ്യാമിലി പ്രതികരിച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്യാമിലി വൈകാരിക പ്രതികരണം നടത്തിയത്. ഇതിന്റെ ശബ്ദശകലം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
ബാര്‍ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ കഥകള്‍ പ്രചരിപ്പിക്കുന്നു. എനിക്ക് പറ്റിയത് എന്തെന്ന് എന്റെ മുഖത്തുണ്ട്. എന്റെ കാലുകൊണ്ട് മുഖത്ത് അടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായ പ്രകടനം. സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കില്ലെന്ന് ബോദ്ധ്യമായി. ഇവരുടെയൊക്കെ വേണ്ടപ്പെട്ടവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പിലെ ശ്യാമിലിയുടെ പ്രതികരണം.
ഇപ്പോള്‍ ശബ്ദശകലത്തില്‍ മാദ്ധ്യമങ്ങളോട് വ്യക്തത വരുത്തിയിരിക്കുകയാണ് ശ്യാമിലി. ഒരു ഇര എന്ന നിലയില്‍ സഹിക്കാന്‍ കഴിയാത്ത പ്രതികരണങ്ങള്‍ വന്നതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.'700ല്‍ അധികം അഭിഭാഷകരുളള ഗ്രൂപ്പിലാണ് എനിക്കെതിരെ ചില ആരോപണങ്ങളുണ്ടായത്. അതിന് ഞാന്‍ കൊടുത്ത മറുപടിയാണ് വ്യാപകമായി പ്രചരിച്ചത്. അരാണ് അതിനുപിന്നിലെന്ന് അറിയില്ല. ഞാന്‍ ആ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായിട്ടുണ്ട്. കേസിലെ പ്രതിയുടെ സുഹൃത്തുക്കളായിരിക്കും അത്തരത്തില്‍ ചെയ്തത്.
ബാര്‍ അസോസിയേഷന്‍ എനിക്കെതിരെ നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഭാരവാഹികള്‍ എനിക്കെതിരെ പറഞ്ഞിട്ടില്ല. സഹതാപം കിട്ടുന്നതിനായി മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. അഭിഭാഷക സമൂഹം എനിക്കൊപ്പം നില്‍ക്കില്ലയെന്ന് പറഞ്ഞത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതാണ്. ഒരു ഇര എന്ന നിലയില്‍ സഹിക്കാന്‍ കഴിയാത്ത വാക്കുകള്‍ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞിരുന്നു. ആരുടെയും പേര് പറയാത്തത് പേടി കൊണ്ടല്ല'- ശ്യാമിലി പ്രതികരിച്ചു.