'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു'! മെട്രോയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു; കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പോസ്റ്റുകള്‍ പിന്‍വലിച്ചു

മെട്രോയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു

Update: 2025-05-21 13:35 GMT

ബംഗളൂരു: ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മെട്രോ ക്ലിക്ക്സ്,മെട്രോ ചിക്‌സ്, എന്നീ ഇന്‍സ്റ്റാഗ്രാമം പേജുകള്‍ക്കും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരെയാണ് കേസ്. മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അവര്‍ അറിയാതെ പകര്‍ത്തിയ ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സംഭവത്തില്‍ സിറ്റി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമൂഹികമാധ്യമമായ എക്സിലെ ഒരു ഉപയോക്താവാണ് ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്സ് (@മെട്രോ ചിക്ക്സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരമൊരു കാര്യം നടക്കുന്നുണ്ടെന്ന് ബെംഗളൂരു പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ അറിയിച്ചു.

'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു' തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ പങ്കുവെച്ചിരുന്നത്. സ്ത്രീകളെ അവര്‍ അറിയാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി പേജില്‍ പങ്കുവെക്കുകയായിരുന്നു. മെട്രോയുടെ കോച്ചുകള്‍ക്കുള്ളില്‍നിന്നും പ്ലാറ്റ്ഫോമില്‍നിന്നുമൊക്കെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നു.

ആറായിരത്തിലധികം ഫോളോവര്‍മാരായിരുന്നു ഈ അക്കൗണ്ടിനുണ്ടായിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിരുന്ന ടെലഗ്രാം ചാനല്‍ സ്പീഡി വീഡി 123-യ്ക്ക് 1,188 സബ്സ്‌ക്രൈബര്‍മാരും ഉണ്ടായിരുന്നു. 13 വീഡിയോകളാണ് പേജിലുണ്ടായിരുന്നത്. വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെലഗ്രാം അക്കൗണ്ട് നിലവില്‍ ലഭ്യവുമല്ല. സംഭവം വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഐ.ടി ആക്ട് സെക്ഷന്‍ 67 പ്രകാരം ബനശങ്കരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Similar News