റെയില്‍വേ ബ്രിഡ്ജിന് താഴെ കടുംനീല നിറമുള്ള ട്രോളി ബാഗ് ആദ്യം കണ്ടത് പ്രദേശവാസികള്‍; ദുര്‍ഗന്ധമുയര്‍ന്നതോടെ പൊലീസിനെ അറിയിച്ചു; പൊലീസെത്തി തുറന്നപ്പോള്‍ പത്തുവയസുകാരി പെണ്‍കുട്ടിയുടെ മൃതദേഹം; ട്രെയിനില്‍ നിന്ന് എറിഞ്ഞുകളഞ്ഞതെന്ന് സംശയം;അന്വേഷണം തുടങ്ങി

പത്തുവയസുകാരിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

Update: 2025-05-21 13:58 GMT

ബെംഗളൂരു: ബെംഗളുരുവിലെ ചന്ദാപുരയില്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് എട്ട് മുതല്‍ പത്ത് വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂര്‍ മെയിന്‍ റോഡിന് അടുത്തുള്ള റെയില്‍വേ ബ്രിഡ്ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതോടെ പൊലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.

ഇളംപിങ്ക് ടീ ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ത്രീ ഫോര്‍ത്തുമാണ് പെണ്‍കുട്ടിയുടെ വേഷം. ഇത് വഴി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ നിന്ന് ട്രോളി ബാഗ് എറിഞ്ഞു കളഞ്ഞതാണെന്ന് സംശയമുയരുന്നത്. ബയ്യപ്പനഹള്ളി റെയില്‍വേ പൊലീസും സൂര്യനഗര്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്. പ്രദേശവാസിയാണ് പെട്ടി കണ്ടത്. ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്.

മറ്റെവിടെയോവെച്ച് കൊല നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത്തരം കേസുകള്‍ സാധാരണയായി റെയില്‍വേ പോലീസാണ് അന്വേഷിക്കാറുള്ളതെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ബെംഗളൂരു റൂറല്‍ എസ്പി സി.കെ. ബാബ പറഞ്ഞു. ബയ്യപ്പനഹള്ളി റെയില്‍വേ പോലീസ് ആയിരിക്കും കേസില്‍ അന്വേഷണം നടത്തുക.

Similar News