തമിഴ്‌നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര്‍ അറസ്റ്റില്‍
തമിഴ്നാട്ടിലെ വ്യാപാരികളെ പൊലീസ് ചമഞ്ഞ് തട്ടിയെടുത്തു; 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു;
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രമുഖ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്ന ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ചങ്ങലയ്ക്കിട്ട കേസില്‍ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി ജില്ലയിലെ പ്രമുഖ വ്യാപാരികളായ യൂസഫ്, ജാഫിര്‍ എന്നിവരെയാണ് തട്ടിക്കൊണ്ടു വന്ന് ബന്ദികളാക്കിയത്. ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്‍, നെയ്യാറ്റിന്‍കര സ്വദേശി അഭിറാം, കമുകിന്‍കോട് ചീനിവിള സ്വദേശി വിഷ്ണു എസ്. ഗോപന്‍ എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര സ്വദേശിയായ കൊലക്കേസ് പ്രതി അടക്കം രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.
ഉദിയന്‍കുളങ്ങര കൊച്ചോട്ടുകോണം കരിക്കിന്‍വിളയില്‍ പുറത്തു നിന്ന് വാതില്‍ ആണിയടിച്ചുറപ്പിച്ച വാടക വീട്ടില്‍ നിന്നാണ് ചങ്ങല കൊണ്ട് ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയില്‍ വ്യാപാരികളെ കണ്ടെത്തുന്നത്. ഈ വീട്ടില്‍ ലഹരി വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റൂറല്‍ ഡാന്‍സാഫ് പൊലീസ് സംഘം വീട് വളയുകയും വാതില്‍ പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. അപ്പോഴാണ് ബന്ദികളാക്കിയ നിലയില്‍ കിടക്കുന്ന വ്യാപാരികളെ കാണുന്നത്. വീടിനു സമീപം ഉണ്ടായിരുന്ന ഒരു പ്രതിയെ അപ്പോള്‍ തന്നെ പിടികൂടി. പാറശാല പൊലീസ് എത്തി കൂടുതല്‍ പ്രതികളെയും പിടിച്ചു.
ഒാണ്‍ലൈന്‍ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആളിന്റെ നിര്‍ദേശപ്രകാരം വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ജാബിറും യൂസഫും ചൊവ്വാഴ്ച രാവിലെ കൃഷ്ണഗിരിയില്‍ എത്തുന്നത്. അവിടെ പൊലീസ് വേഷത്തില്‍ രണ്ട് കാറുകളില്‍ എത്തിയ സംഘം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ പ്രതികളാണെന്നും എസ്പിയുടെ മുന്നില്‍ ഹാജരാക്കണമെന്നും അറിയിച്ച് വിലങ്ങ് വച്ച് വാഹനത്തില്‍ കയറ്റി. യാത്രയില്‍ ഇരുവരെയും ക്രൂരമായി മര്‍ദിച്ച് 50,000 രൂപയും വിലകൂടിയ വാച്ചും കവര്‍ന്നു.
രാത്രിയോടെ കരിക്കിന്‍വിളയിലെ വീട്ടില്‍ എത്തിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പൂട്ടിയിട്ടു. വ്യാപാരികളെ തട്ടിക്കൊണ്ടു വരാന്‍ ഉപയോഗിച്ച കാര്‍, കേരള പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, നക്ഷത്ര ചിഹ്നം പതിച്ച യൂണിഫോം, വ്യാജ നമ്പര്‍ പ്ലേറ്റ്, തോക്ക്, തിരകള്‍, വിലങ്ങ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഈ വീട്ടില്‍ നിന്നും കണ്ടെടുത്തു.
ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായ സാമുവല്‍ തോമസിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. കേസില്‍ പിടികുടാനുള്ള പ്രധാന പ്രതി ബിജു വാടകയ്ക്കു താമസിക്കുന്ന വീടാണിത്. പ്രതികളായ ബിനോയ് അഗസ്റ്റിന്‍ ജിംനേഷ്യത്തിലെ ട്രെയിനറും, അഭിറാം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമാണ്.