ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്‌തേക്കും

ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്

Update: 2025-09-02 02:38 GMT

കോഴിക്കോട്: മംഗലാപുരത്തെ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ആയിഷ റഷയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ തെളിവുകള്‍ പുറത്ത്. 21കാരിയായ ആയിഷയെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചു. ബഷീറുദ്ദീന്‍ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതയും പോലിസിന് വ്യക്തമായി. മരിച്ച ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതിന് തെളിവായി ലഭിച്ചത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ബഷീറുദ്ദീന്റെ ഫ്‌ലാറ്റിലാണ് ആയിഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ജിം ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. ബഷീറുദ്ദിനെ ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അത്തോളി സ്വദേശിയാണ് ആയിഷ.

മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. കോളേജില്‍ നിന്നും കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. എരഞ്ഞിപ്പാലത്തുള്ള ബഷീറുദ്ദീന്റെ വാടക വീട്ടിലേക്കാണ് എത്തിയത്. കോഴിക്കോട്ടെ ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. രണ്ട് വര്‍ഷമായി അടുപ്പത്തിലാണ് ബഷീറുദ്ദീനും ആയിഷയും. ബഷീറുദ്ദീന്‍ തട്ടിപ്പുകാരനാണെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

ആയിഷയെ ഇയാള്‍ മര്‍ദിച്ചിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്നും ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

Tags:    

Similar News