സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ടത് ക്രൂരമായ ഗാര്‍ഹിക പീഡനം; ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവെച്ചതോടെ ആരോഗ്യം ക്ഷയിച്ചു: യുവതിയുടെ മരണമൊഴിയില്‍ കേസെടുത്ത് പോലിസ്

സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ടത് ക്രൂരമായ ഗാര്‍ഹിക പീഡനം;

Update: 2025-11-27 01:28 GMT

ബെംഗളൂരു: വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലിസ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പച്ചിരുന്നതായും മെര്‍ക്കുറി കുത്തിവെച്ചതായും യുവതി മരണമൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യം ക്ഷയിച്ച് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ മെര്‍ക്കുറി കുത്തിവെച്ചതാണ് ആരോഗ്യം ക്ഷയിക്കാന്‍ കാരണമെന്നാണ് യുവതി മരണമൊഴിയായി നല്‍കിയത്. കര്‍ണാടകയിലാണ് സംഭവം.

നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ചയാണ് വിദ്യ എന്ന വീട്ടമ്മ മരണപ്പെട്ടത്. അട്ടിബെലെ പൊലീസിലാണ് വിദ്യ മൊഴി നല്‍കിയത്. ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയാണ് താനെന്നും മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് തനിക്ക് മെര്‍ക്കുറി കുത്തിവച്ചിരുന്നതായുമാണ് വീട്ടമ്മയുടെ മരണമൊഴി. സ്ത്രീധനത്തേ ചൊല്ലി നിരന്തരം പീഡനം നേരിട്ടു. ഒന്‍പത് മാസത്തിന് മുന്‍പാണ് ഭര്‍ത്താവ് തനിക്ക് മെര്‍ക്കുറി കുത്തി വച്ചതെന്നും യുലതി മരണമൊഴിയായി പറഞ്ഞു. ഇതിന് പിന്നാലെ ആരോഗ്യം നശിച്ചു. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കെയാണ് വിദ്യ എന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങിയത്.

യുവതിയുടെ ഭര്‍ത്താവായ ബി ബാസവരാജു എന്നയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. ദമ്പതികള്‍ക്ക് നാല് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫെബ്രുവരി 26നാണ് യുവതി അബോധാവസ്ഥയിലായത്. മാര്‍ച്ച് ഏഴിനാണ് വിദ്യയെ അട്ടിബെലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് യുവതിയ ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വിദ്യയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി. ഇതോടെയാണ് യുവതി മരണമൊഴി രേഖപ്പെടുത്തണമെന്ന് വിശദമാക്കിയത്. ബോധം വീണ ശേഷം യുവതി വലത് കാലില്‍ രൂക്ഷമായ വേദന അനുഭവപ്പെടുന്നതായി വിശദമാക്കിയിരുന്നു. ഇത് ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവച്ചതാണെന്നാണ് വിദ്യ ആരോപിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ സ്ത്രീധന പീഡനവും, ഗാര്‍ഹിക പീഡനവും അടക്കമുള്ള എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.

Tags:    

Similar News