'സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.. സുഹൈല്‍, നാസര്‍'; അപരിചിതനായ ആള്‍ വന്നു പറഞ്ഞത് 550 പവന്‍ മോഷ്ടിച്ച പ്രതികളെ കുറിച്ച്; മോഷ്ടാക്കളെ സ്‌കെച്ച് ചെയ്തങ്കെിലും തെളിവിനായി കാത്തിരിപ്പ്; പിടികൂടി ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ സത്യം പുറത്തായി; പൊന്നാനിയിലെ മോഷണ കേസ് തെളിയിച്ച കഥ
'സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.. സുഹൈല്‍, നാസര്‍';
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച പോയ 550 പവന്‍ സ്വര്‍ണത്തില്‍ 438 പവന്‍ സ്വര്‍ണവും 29 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത് കേരളാ പോലീസിന്റെ അന്വേഷണ മികവന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. മോഷ്ടാക്കള്‍ ആരെന്ന് കണ്ടെത്തിയെങ്കിലും തെളിവും തൊണ്ടിമുതലും വീണ്ടെടുക്കുക എന്നതായിരുന്നു വെല്ലുവിളി. ഇതും സമര്‍ഥമായി തന്നെ പോലീസ് മറികടന്നു. പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 438 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തു. 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി.
കഴിഞ്ഞ ഏപ്രില്‍ 13നു വൈകീട്ട് നാലു മണിയോടെ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപത്തു ഉള്ള പ്രവാസിയായ മനപ്പറമ്പില്‍ രാജീവിന്റെ അടച്ചിട്ട വീട്ടില്‍ കുത്തി തുറന്ന് മോഷണം നടന്നത്. പരാതിയില്‍ ഉടന്‍ തന്നെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 9 തിയ്യതി രാജീവിന്റെ ഭാര്യ വിദേശത്ത് പോയതോടെ അടച്ചിട്ട വീട്ടില്‍ ആണ് മോഷണം നടന്നത്. വീട്ട് ജോലിക്കാരി പത്മാവതി ആണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ സ്വര്‍ണാഭരങ്ങളും മുന്തിയ ഇനം വിദേശ മദ്യക്കുപ്പികളും നഷ്ടപ്പെട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് സ്വര്‍ണ്ണവും പണവും കണ്ടെത്താനായത്. മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റുകിട്ടിയതുള്‍പ്പെടെയുള്ള പണമാണ് പോലീസ് പിടിച്ചെടുത്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കേസിലെ പ്രതികളിലേക്ക് എത്തിച്ച അപരിചിതന്‍
കേസിലെ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് ഒരു അപരിചിതന്‍ വഴിയാണ്. മനപ്പറമ്പില്‍ രാജീവിന്റെ വീട്ടിലേക്ക് പരിസരത്ത് എത്തിയ അപരിചിതന്‍ വെപ്രാളത്തോടെ രാജീവിന്റെ അടുത്തെത്തി 'സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.' എന്ന് പറയുകയായിരുന്നു. 'സുഹൈല്‍, നാസര്‍' എന്നിങ്ങനെ രണ്ട് പേരുകളായിരുന്നു പറഞ്ഞത്. മോഷ്ടാക്കളുടെ വീടും എവിടെയാണെന്ന് ചൂണ്ടിക്കാട്ടി, ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊന്നാനി ബിയ്യത്ത് കോഴിക്കടയില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു പ്രതികളിലൊരാളായ നാസര്‍. ആളില്ലാത്ത വീടും മോഷണ സാധ്യതകളുമെല്ലാം അവന്‍ നേരത്തെ മാര്‍ക്ക് ചെയ്തു വച്ചിരുന്നു. വിവരങ്ങളെല്ലാം അവന്റെ സുഹൃത്തായ സുഹൈലിനെയും അറിയിച്ചു. അങ്ങനെ ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് അവര്‍ രാജീവിന്റെ വീട്ടിലെത്തുന്നത്. അവര്‍ ഒരിക്കലും ഇത്രയധികം സ്വര്‍ണം പ്രതീക്ഷിച്ചിരുന്നില്ല. പണമോ കുറച്ചെന്തെങ്കിലും ആഭരണമോ മാത്രം പ്രതീക്ഷിച്ചാണ് അകത്തു കയറിയിരിക്കുന്നത്. കണ്‍മുന്നില്‍ നില്‍ക്കുന്ന പ്രതികളിലേക്കെത്താന്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.
തെളിവുകള്‍ നശിപ്പിച്ച് എങ്ങനെ അകത്തു കടക്കാമെന്ന് ഇവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. 13ന് പുലര്‍ച്ചെ 1.30ന് മോഷ്ടാവ് മതില്‍ ചാടി കടന്ന് വീടിന്റെ പിന്‍വശത്തെത്തി. ആദ്യം സിസിടിവി ഡിവിആര്‍ നശിപ്പിച്ചു. അതിനുശേഷമായിരുന്നു മറ്റ് പണികളിലേക്കു കടന്നത്. തേക്കിന്റെ അടുക്കള വാതില്‍ മുക്കാല്‍ മണിക്കൂറുകൊണ്ട് പൊളിച്ചെടുത്ത് അകത്തു കടന്നു. വീടിന്റെ ഉള്‍വശത്തെല്ലാം പരതുന്നതിനടയിലാണ് അകത്തെ മുറിയിലുള്ള ലോക്കറും തകര്‍ത്തത്. കള്ളന് ലോട്ടറിയടിച്ചപോലെ അതിനകത്ത് 550 പവന്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വര്‍ണം വാരിവലിച്ചെടുത്ത് പുറത്തിറങ്ങിയ മോഷ്ടാവ് 5 കിലോഗ്രാം തൂക്കമുള്ള 2 ഡിവിആര്‍, 4 വില കൂടിയ മദ്യ കുപ്പികള്‍, ഒപ്പം സ്വര്‍ണവും ഉള്‍പ്പെടെ 20 കിലോഗ്രാം ഭാരമുള്ള സഞ്ചിയും കൊണ്ടാണ് പുറത്തു ചാടുന്നത്. വടക്കു ഭാഗത്തെ മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ പിറകിലൂടെ നടന്നു പോയി..
അതേസമയം സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് പിടിച്ചില്ല. വേണമെങ്കില്‍ ഏതു നിമിഷവും പ്രതികളെ അറസ്റ്റ് ചെയ്യാം. പക്ഷേ, നഷ്ടപ്പെട്ട മുതല്‍ പൂര്‍ണമായി കിട്ടണമെങ്കില്‍ കുറച്ചു കൂടി കാത്തിരിക്കണമെന്നായിരുന്നു പോലീസ് പഞ്ഞത്. പൊലീസിന്റെ ആ നിലപാടായിരുന്നു ശരി. ഇതിനിടയില്‍ പ്രതികളിലൊരാളായ സുഹൈല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വൈകാതെ തന്നെ ഇയാള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് മോഷണമുതല്‍ പതുക്കെ പുറത്തിറങ്ങി തുടങ്ങിയത്.
പിന്നീടാണ് സുഹൈലിന്റെ ഭാര്യവീടിന്റെ തൊടിയില്‍ ഒന്നര അടി താഴ്ച്ചയില്‍ കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിന്റെ അടുത്താണ് സുഹൈലിന്റെ ഭാര്യ വീട്. കുഴിച്ചിട്ട സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുറമെ ഉരുക്കി കട്ടിയാക്കി വില്‍പ്പനക്ക് നല്‍കിയ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണം ഒളിപ്പിച്ചത് സംബന്ധിച്ച് പ്രതികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളുടെ കുതന്ത്രങ്ങള്‍ പൊളിച്ചടക്കുകയായിരുന്നു.
എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷ്ടിക്കപ്പെട്ടതിലെ തൊണ്ണൂറ് ശതമാനവും പോലീസിന് കണ്ടെത്താനായി. മോഷണമുതല്‍ കണ്ടെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് പ്രതികള്‍ നടത്തിയത്. പ്രത്യേക സംഘത്തിന്റെ അതിവേഗ ഇടപെടലിലൂടെയും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെയും സ്വര്‍ണ്ണം ഒപ്പിച്ച സ്ഥലം പറയാന്‍ പ്രതികള്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 13നാണ് കേസിനാസ്പദമായ മോഷണം നടന്നത്. സിസി ടിവി ക്യാമറകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളിലേക്ക് എത്താനുള്ള വഴികള്‍ അടയുകയായിരുന്നു. കേസിനു പിന്നാലെ നിശബ്ദമായി പോലീസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. കേസില്‍ ഇവരെ കൂടാതെ പ്രതികള്‍ ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. കവര്‍ച്ച നടത്തിയ 550 പവന്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ പ്രതികള്‍ നടത്തിയ കുതന്ത്രങ്ങള്‍ പൊളിച്ചടക്കിയാണ് 438 പവന്‍ സ്വര്‍ണ്ണവും 29 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തത്. മോഷണമുതല്‍ സൂക്ഷിച്ച സ്ഥലത്തേക്ക് പോലീസ് എത്താതിരിക്കാന്‍ പ്രതികള്‍ നിരവധി തവണയാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചത്.
പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയാണ് സ്വര്‍ണ്ണവും പണവും കണ്ടെടുക്കാനുള്ള അന്വേഷണം ആരംഭിച്ചത്. മോഷണത്തില്‍ പങ്കെടുത്ത സുഹൈലിനേയും നാസറിനേയും ഇക്കാര്യത്തില്‍ ചോദ്യം ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഒരാള്‍ക്ക് സ്വര്‍ണ്ണം വില്‍ക്കാന്‍ നല്‍കിയിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. പ്രതികള്‍ പറഞ്ഞ വ്യക്തിയെ കണ്ടെത്തി അന്വേഷിച്ചെങ്കിലും കളവാണെന്ന് ബോധ്യമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടുപേര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പറഞ്ഞത്. ഇതുപ്രകാരം പ്രഭു എന്നയാളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ കുറേ വര്‍ഷങ്ങളായി ക്രിമിനല്‍ ആക്റ്റിവിറ്റികളിലൊന്നും ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പോലീസ് ബോധ്യമായതോടെ ചോദ്യം ചെയ്യലിന്റെ രീതി മാറ്റി. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് സുഹൈലിന്റെ ഭാര്യ വീടിന്റെ തൊടിയില്‍ സ്വര്‍ണ്ണവും പണവും കുഴിച്ചിട്ടതായി പ്രതികള്‍ സമ്മതിച്ചത്.
മോഷണമുതല്‍ കണ്ടെത്താനായില്ലെങ്കില്‍ വേഗത്തില്‍ ജാമ്യത്തിലിറങ്ങാനാകുമെന്ന കണക്കുകൂട്ടലായിരുന്നു പ്രതികള്‍ക്ക്. ജയിലില്‍ നിന്നിറങ്ങിയാല്‍ മോഷണ മുതല്‍ വിറ്റ് ജീവിക്കാനുമായിരുന്നു പ്ലാന്‍. ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാകാതെ സ്ഥലം കാണിച്ചു കൊടുക്കേണ്ടി വരികയായിരുന്നു. പ്രതികളുടെ തെറ്റിദ്ധരിപ്പിക്കലുകളൊയൊക്കെ മറികടന്ന് അഞ്ചു ദിവസം കൊണ്ടാണ് മോഷണമുതല്‍ കണ്ടെത്തിയത്.
മലപ്പുറം ജില്ല പോലീസ് മേധാവി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈഎസ്പി ഇ ബാലകൃഷ്ണന്‍, പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത്ത്, പോത്തുകല്ല് പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, പൊന്നാനി പോലിസും മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള തിരൂര്‍, താനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, മലപ്പുറം എന്നീ സബ്ഡിവിഷനുകളിലെ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.