വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞ് നിർത്തി; നഗ്നത പ്രദർശിപ്പിച്ചു; ശേഷം ബലമായി ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമം; രക്ഷകരായി മഞ്ജുവും ഷാലിയും; അന്വേഷണത്തിലും സഹായമായത് ഹരിതകർമസേന അംഗങ്ങളായ യുവതികൾ നൽകിയ വിവരം; ഒടുവിൽ യുവാവ് പോലീസിന്റെ പിടിയിൽ
ചാരുംമൂട്: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിവിനെ പോലീസ് പിടികൂടിയത് ഹരിതകർമസേന അംഗങ്ങൾ നൽകിയ സുപ്രധാന വിവരത്തിന്റെ അടിസ്ഥാനത്തിൽ. സ്കൂൾ വിട്ടുവരുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടറിൽ എത്തി നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കുപ്രസിദ്ധ ക്രിമിനലായ യുവാവാണ് പോലീസിന്റെ പിടിയിലായത്.
കായംകുളം ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടുവിലേമുറിയിൽ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണിനെയാണ് (31) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങളായ മഞ്ജു, ഷാലി എന്നിവരാണ് പെൺകുട്ടിയെ പരാതിയിൽ നിന്നും രക്ഷിച്ചത്. ശേഷം ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കുടുക്കിയത്.
ജില്ല പോലീസ് മേധാവി, ചെങ്ങന്നൂർ ഡിവൈ.എസ്.പി എന്നിവരുടെ നിർദേശപ്രകാരം നൂറനാട് സി.ഐ എസ്. ശ്രീകുമാർ, എസ്.ഐ എസ്. നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ എട്ടിന് വൈകീട്ട് നാലോടെ കേസിനാസ്പദമായ സംഭവമുണ്ടായത്. നൂറനാടിന് സമീപം സ്കൂൾ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന 13കാരിയായ വിദ്യാർഥിനിയെ റോഡിൽ വെച്ച് കടന്നുപിടിക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഈ സമയം ഹരിതകർമ സേന അംഗങ്ങളായ മഞ്ജു സ്കൂട്ടറിലും ഷാലി ഓട്ടോയിലും ഇതുവഴി വന്നു. ഇവരെ കണ്ടതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. തുടർന്ന് ഇവർ വാഹനം നിർത്തി യുവാവിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടിയെ വീട്ടിലേക്ക് ഇവർ പറഞ്ഞയച്ചു.
ഇതിനിടെ സംഭവസ്ഥലത്ത് നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തി. സ്കൂട്ടർ ഓടിച്ചു കടന്നുകളയാൻ ശ്രമിച്ച യുവാവിനെ ഇവർ പിന്തുടർന്നു. യുവാവിന്റെ പിന്നാലെ പോയ ഇവർ പ്രതിയെ കയ്യോടെ പിടികൂടാനും ശ്രമം നടത്തി. പറയംകുളം ജങ്ഷനിൽ വെച്ച് മഞ്ജു പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടർ ഓടിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷയിൽ ഇവർ ഇയാളെ വീണ്ടും പിന്തുടർന്നു. പടനിലം ജങ്ഷനിലെത്തിയപ്പോൾ ഓട്ടോറിക്ഷയുടെ ബാറ്ററി ചാർജ് തീർന്ന് നിന്നതോടെ ഇവരുടെ ശ്രമം വിഫലമായി. എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് സഹായമായത് മഞ്ജുവും ഷാലിയും നൽകിയ സൂചനയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 125ഓളം വീടുകളിലെ സി.സി ടി.വി ക്യാമറകൾ പോലീസ് പരിശോധിച്ചു. എന്നാൽ ദൃശ്യങ്ങളിൽനിന്നും ലഭിച്ച സ്കൂട്ടറിന്റെ നമ്പർ വ്യാജമായിരുന്നു. ചാലക്കുടിയിൽനിന്നും മോഷ്ടിച്ച വാഹനമായിരുന്നു ഇത്. ഒരു കടയിൽനിന്നും പെട്രോൾ പമ്പിൽനിന്നും ലഭിച്ച ദൃശ്യങ്ങൾ പ്രതിയെ തിരിച്ചറിയാൻ സഹായകമായി. നിരവധി മോഷണകേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസിന് വ്യക്തമായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം മൂന്നുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എസ്. നിതീഷ്, എസ്.സി.പി.ഒമാരായ എസ്. ശരത്, ആർ. രജീഷ്, കെ. കലേഷ്, മനു പ്രസന്നൻ, പി. മനുകുമാർ, വി. ജയേഷ്, ബി. ഷമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.ഹരിതകർമ സേന