മയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കിയ ലോക്കല്‍ കമ്മിറ്റിയംഗം; ഷമീര്‍ കുടുങ്ങിയത് പൊലിസിന് ലഭിച്ച രഹസ്യവിവരത്തില്‍; കൂട്ടുപുഴയില്‍ മയക്കുമരുന്ന് കടത്തിനിടെ സഖാവ് പിടിയിലായത് സിപിഎമ്മിനെ വെട്ടിലാക്കി; വളപട്ടണത്തെ കടത്തുകാരന്‍ ലോക്കല്‍ നേതാവ് പാര്‍ട്ടിക്ക് പുറത്താകുമ്പോള്‍
കണ്ണൂര്‍: പാര്‍ട്ടിയും ഡി.വൈ. എഫ്. ഐ യും നടത്തിവരുന്നലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മയക്കുമരുന്നു മായി പിടിയിലായത് പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്. ഡി.വൈഎഫ്.ഐ പ്രാദേശിക നേതാവും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെയാണ് എംഡിഎംഎയുമായി പിടികൂടിയത്.
പാര്‍ട്ടിയും ഡി.വൈ.എഫ്.ഐ യും വളപട്ടണത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണ പരിപാടികളുടെയും ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ലോക്കല്‍ കമ്മിറ്റിയംഗമായ വി കെ ഷമീര്‍. കൂട്ടുപുഴ ചെക്ക് പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ബംഗ്‌ളൂരില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു ഷമീര്‍.ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.
വളപട്ടണം മന്ന സൗജാസിലെ കെ.വി.ഹഷീറും(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീറും(38) വന്‍തോതില്‍ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതു കാരണം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍
ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എയാണ് വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. ഞായറാഴ്ച്ച രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എല്‍13 ഇസഡ്-2791 ഹോണ്ട ജാസ് കാറില്‍ എത്തിയ ഇവരില്‍ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സീനിയര്‍ സി.പി.ഒ ദീപു, ഡ്രൈവര്‍ സി.പി.ഒ ആദര്‍ശ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.