സിടി സ്കാൻ സൗകര്യം ഇല്ലാത്തതിനെച്ചൊല്ലി തർക്കം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം: ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

Update: 2025-08-26 07:27 GMT

തൃശൂർ: ആശുപത്രിയിൽ അതിക്രമം കാണിക്കുകയും ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഊരകം പുല്ലൂർ സ്വദേശികളായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26), സഹോദരൻ ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരാണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. അടിപിടിയിൽ പരിക്കേറ്റെന്ന് പറഞ്ഞാണ് മൂവരും ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ സിടി സ്കാൻ എടുക്കാൻ നിർദേശിച്ചു. എന്നാൽ, ആശുപത്രിയിൽ സിടി സ്കാൻ സൗകര്യം ഇല്ലാത്തതിനെച്ചൊല്ലി ഇവർ ബഹളം വെക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതികൾക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, സബ് ഇൻസ്പെക്ടർമാരായ സോജൻ, സഹദ്, ജി.എസ്.ഐ മുഹമ്മദ് റാഷി, ജി.എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആരോഗ്യപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    

Similar News