കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടകാരണം അമിത വേഗത
By : സ്വന്തം ലേഖകൻ
Update: 2025-09-15 11:48 GMT
കൊട്ടാരക്കര: നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്കുകള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത് എന്നിവരാണ് മരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കില്‍ മൂന്ന് പേരും മറ്റൊരു ബൈക്കില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ അക്ഷയ് എന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.