മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളേജ് ഏറ്റെടുക്കും; പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം ഏറ്റെടുക്കുമെന്ന് കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജ്
മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളേജ് ഏറ്റെടുക്കും
തിരുവനന്തപുരം: അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളേജ് ഏറ്റെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെയാണ് ഇക്കാര്യം കോളേജ് അധികൃതര്‍ അറിയിച്ചത്.
കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ബിജുവിന്റെ മകളുടെ പഠന ചെലവാണ് കോളേജ് ഏറ്റെടുക്കുന്നത്. മന്ത്രി വീണാ ജോര്‍ജ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചിരുന്നു. കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനായി തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിക്കുകയായിരുന്നു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ശനി രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തില്‍നിന്നും മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ബിജുവിന്റെ ഭാര്യ സന്ധ്യയെ ?ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍ പോയ ബിജുവും കുടുംബവും സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മടങ്ങിവന്നപ്പോഴായിരുന്നു അപകടം.
മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്.