തിരുവനന്തപുരത്ത് ഇലക്ട്രിക് റിപ്പയറിങ് സ്ഥാപനത്തില്‍ തീപിടിത്തം; കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെല്‍ഡിങ് സെറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം; ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: വെല്‍ഡിങ് സെറ്റില്‍ നിന്ന് തീപടര്‍ന്ന് റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു. തിരുവനന്തപുരത്ത് പൂങ്കുളം ജംഗ്ഷനിലെ ഇലക്ട്രിക് റിപ്പയറിങ് സ്ഥാപനത്തിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം. കടയ്ക്കുള്ളില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു. തക്കസമയത്ത് രണ്ട് സിലണ്ടറുകളും കംപ്രസറും ഉള്‍പ്പടെയുള്ള സാധനങ്ങളുടെയും കണക്ഷന്‍ മാറ്റി പെട്ടെന്ന് തന്നെ പുറത്തെടുക്കാന്‍ സാധിച്ചത് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ രാജീവ് എന്നയാളുടെ കടയിലാണ് തീപിടിത്തം ഉണ്ടായത്. കടയിലെ പ്ലാസ്റ്റിക് സാധനങ്ങള്‍ക്കും തീപിടിച്ചതോടെ അടുത്തുള്ള വീടുകളിലേക്കും കടകളിലേക്കും പുക ഉയര്‍ന്നു. തുടര്‍ന്ന് ആളുകള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിക്കുന്നതിനോടൊപ്പം ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലായെത്തിയ അഗ്‌നിശമന സേന വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിത്തെറി സാധ്യതകള്‍ ഉടന്‍ തന്നെ തടയുകയും ചെയ്തു.
റിപ്പയറിങ്ങിനായി ഇവിടെ എത്തിച്ചിരുന്ന ഫ്രീസര്‍, എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ് ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെല്‍ഡിങ് സെറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ വേണുഗോപാല്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ (ഗ്രേഡ്) ഏങ്കല്‍സ്, മെക്കാനിക്ക് ദിനേശ്, ഓഫീസര്‍മാരായ അനുരാജ്, സന്തോഷ് കുമാര്‍, രാജേഷ്, ഷിജു, ശ്യാംധരന്‍, സെല്‍വകുമാര്‍ ,സജി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.