സ്വര്‍ണ്ണക്കടത്തുകാരുടെ ഹബ്ബായി കേരളം മാറുന്നോ; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പോലിസ് പിടിച്ചെടുത്തത് 147 കിലോ സ്വര്‍ണം: ഏറ്റവുമധികം സ്വര്‍ണം പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നും

കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നു

Update: 2024-09-18 02:34 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകാരുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറുന്നോ? പോലിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നെന്നും പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ അളവ് ഓരോ വര്‍ഷവും കൂടുന്നെന്നുമാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് രണ്ട് സ്വര്‍ണക്കടത്ത് കേസുകള്‍മാത്രം രജിസ്റ്റര്‍ചെയ്ത കേരളത്തില്‍ ഇന്ന് ദിനം പ്രതി നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കേരളത്തിലാണ് സ്വര്‍ണക്കടത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്.

കേരളത്തില്‍ നിന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 147.78 കിലോഗ്രാം സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സ്വര്‍ണക്കടത്ത് കേരളത്തില്‍ കുതിക്കുക ആയിരുന്നു. കേസുകളുടെ എണ്ണവും 188 ആയി. ഇക്കൊല്ലം ആറുമാസംകൊണ്ടുമാത്രം 18.1 കിലോ സ്വര്‍ണവും 15 കോടി രൂപയുടെ ഹവാലാ പണവും പോലീസ് പിടിച്ചെടുത്തു.

ഇക്കൊല്ലം ഇതുവരെ 26 സ്വര്‍ണക്കടത്ത് കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. കഴിഞ്ഞവര്‍ഷം 48.73 കിലോ സ്വര്‍ണം പിടികൂടി. 61 കേസുകളും രജിസ്റ്റര്‍ചെയ്തു. അതിനുമുന്‍പ് 79.99 കിലോഗ്രാം സ്വര്‍ണം പിടികൂടിയതില്‍ 98 കേസുകളും രജിസ്റ്റര്‍ചെയ്തു. മലപ്പുറം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം സ്വര്‍ണം പിടികൂടിയതും കേസുകള്‍ രജിസ്റ്റര്‍ചെയ്തതും. അഞ്ചുവര്‍ഷംമുന്‍പ് രണ്ട് സ്വര്‍ണക്കടത്ത് കേസുകള്‍മാത്രം രജിസ്റ്റര്‍ചെയ്ത സംസ്ഥാനത്താണ് ഇത്രയധികം കേസുകള്‍ കുതിച്ചുയര്‍ന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ദക്ഷിണ, മധ്യ കേരളത്തില്‍നിന്ന് ഒരു ഹവാലാ പണമിടപാടുകേസുപോലും സംസ്ഥാനപോലീസ് രജിസ്റ്റര്‍ചെയ്തിട്ടില്ല.എന്നാല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്നുമാത്രം ഇക്കൊല്ലം ഇതുവരെ 15.07 കോടി രൂപയുടെ ഹവാലാ പണമാണ് പോലീസ് പിടിച്ചെടുത്തത്. 67 കേസുകളും രജിസ്റ്റര്‍ചെയ്തു. 2020-ല്‍ 16.9 കോടി രൂപ പിടിച്ചെടുത്ത സ്ഥാനത്ത് 2022 ആയപ്പോള്‍ 35.57 കോടി രൂപയും 2023-ല്‍ 38.71 കോടി രൂപയുമാണ് പിടിച്ചെടുത്തത്.

അതേസമയം, വിമാനത്താവളമുള്ള തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു കേസും രജിസ്റ്റര്‍ചെയ്തിട്ടില്ല. എറണാകുളം ജില്ലയിലാകട്ടെ ഒരു കേസുമാത്രമാണ് രജിസ്റ്റര്‍ചെയ്തത്. കസ്റ്റംസിനെയും വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണം പോലീസിന് കൃത്യമായി പിടികൂടാനാവുന്നുവെന്നത് സംശയത്തിന് ഇടനല്‍കുന്നതാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News