കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം ക്യുമിലോ നിംബസ് മേഘങ്ങള്‍; കാരണം നേരത്തെ എത്തിയ കാലവര്‍ഷം
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം ക്യുമിലോ നിംബസ് മേഘങ്ങള്‍
ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും കാരണം ക്യുമിലോ നിംബസ് മേഘങ്ങള്‍. കാലം തെറ്റി നേരത്തെ എത്തിയ കാലവര്‍ഷമാണ് ക്യുമിലോ നിംബസ് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായത്. താരതമ്യേന താഴ്ന്നു കിടക്കുന്ന നിംബസ്, സ്ട്രാറ്റസ് മേഘങ്ങളാണു കാലവര്‍ഷകാലത്തു പൊതുവേ മഴ നല്‍കുന്നത്. എന്നാല്‍ വേനല്‍മഴയുടെ പ്രഭാവം വിട്ടുമാറും മുന്നേ എത്തിയ കാലവര്‍ഷം ക്യുമിലോ നിംബസ് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായി. ഇടിയോടു കൂടിയ വേനല്‍മഴ നല്‍കുന്നത് ഉയരത്തിലുള്ള ക്യുമിലസ് മേഘങ്ങളാണ്.
ഉയരത്തിലുള്ള ഈ വലിയ മേഘങ്ങളില്‍ നിന്നാണു ശക്തമായ മഴയും ചെറിയ സമയത്തേക്ക് അതിശക്തിയായി ആഞ്ഞടിക്കുന്ന കാറ്റും (ഡൗണ്‍ ബസ്റ്റ്) ഉണ്ടാകുന്നത്. കാലവര്‍ഷത്തില്‍ വലിയ മേഘങ്ങള്‍ രൂപപ്പെടാറില്ലെങ്കിലും ഇപ്പോള്‍ വലിയ ക്യുമിലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടുന്നുണ്ടെന്നു കുസാറ്റിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച് മേധാവി ഡോ.എസ്.അഭിലാഷ് പറഞ്ഞു. സംസ്ഥാനം മുഴുവനും സമാന സാഹചര്യമാണ്. ചെറിയ മിന്നലുകളും ഇടിവെട്ടും ഉണ്ടാകുന്നുണ്ട്. 30 വരെ ഇതേ സ്ഥിതി തുടരുമെന്നും അതിനു ശേഷം സ്ഥിതി മാറാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്നു സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിലെ കാലാവസ്ഥാ ഗവേഷകന്‍ ഡോ.രാജീവന്‍ എരിക്കുളം പറഞ്ഞു. കാലവര്‍ഷക്കാറ്റ് ശക്തമാണെന്നും ഇത്തവണ ശരാശരിയോ അതിലും കൂടുതലോ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.