ഭക്ഷണം നൽകാനെന്ന വ്യാജേന മാനസികാരോഗ്യ കേന്ദ്രത്തിലെത്തി; ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് ലഹരി നൽകാൻ ശ്രമം; എംഡിഎംഎയുമായി 18കാരൻ പിടിയിൽ
കോഴിക്കോട്: കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ എത്തിച്ചുനൽകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവമ്പാടി തടായിൽ വീട്ടിൽ മുഹമ്മദ് റാഫി (18) ആണ് മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 0.09 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെന്ന വ്യാജേനയാണ് മുഹമ്മദ് റാഫി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇയാൾ കൊണ്ടുവന്ന കവറിനുള്ളിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ജീവനക്കാർ ഇയാളെ തടഞ്ഞുവെക്കുകയും മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ കൈവശം ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്.
കോഴിക്കോട് ജില്ലയിലെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് റാഫി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് എസ്.ഐമാരായ അരുൺ, അമൽ ജോയ്, അനിൽ കുമാർ, സി.പി.ഒ സുരാഗ്, ഹോംഗാർഡ് ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.