പുലർച്ചെ വാഹനവുമായെത്തി കാളകളെയും പശുവിനെയും കടത്തി; സിസിടിവി പരിശോധനയിൽ പോലീസ് വാഹനം തിരിച്ചറിഞ്ഞു; 49 കാരൻ പിടിയിൽ

Update: 2024-11-11 10:08 GMT

അരൂർ: തൊഴുത്തിൽ കെട്ടിയിരുന്ന കാളകളെ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം തിരുവാലി സ്വദേശി അലിയെ (49) ആണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കാളകളെയും ഒരു പശുവിനെയുമാണ് പ്രതി മോഷ്ടിച്ച് കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം 29ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അരൂർ സ്വദേശിയുടെ വീടിന് പിന്നിലുള്ള തൊഴുത്തിൽ നിന്ന് മൂന്ന് കാളയും സമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന ഒരു പശുവിനെയുമാണ് പ്രതി മോഷ്ടിച്ചു കടത്തിയത്. പിന്നീട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നും മോഷ്ടാവിന്റേതെന്ന് സംശയായിക്കുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് രജിസ്ട്രേഷൻ നമ്പരിലുള്ള വാഹനമാണ് മോഷണം നടന്ന സ്ഥലത്തേക്ക് വന്നു പോകുന്നതായി പോലീസ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തെയും വാഹന ഉടമസ്ഥനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലി പോലീസിന്റെ പിടിയിലാവുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി മോഷണം നടത്തിയ കാളകളെയും പശുവിനെയും അടുത്ത മാർക്കറ്റിൽ വിറ്റെന്ന് പോലീസിനോട് പറഞ്ഞു. അരൂർ എസ്എച്ച്ഒ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐ എസ് ഗീതുമോൾ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, എം രതീഷ്, വിജേഷ്, നിധീഷ്, കെ ആർ രതീഷ്, അമൽ പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News