കോരിച്ചൊരിയുന്ന മഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത; മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വിയോഗം മാട്ടൂല്‍ ഗ്രാമത്തെ കണ്ണീരണിയിച്ചു
കണ്ണൂര്‍ : കോരിച്ചൊരിയുന്ന മഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്തയറിഞ്ഞ് മാട്ടൂല്‍ ഗ്രാമം കണ്ണീരണിഞ്ഞു. ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ മാട്ടൂല്‍ നോര്‍ത്ത് മുട്ടം പാണ്ടിയാലയിലെ സി.എം.അബ്ദുല്‍ ജബ്ബാറിന്റെയും എസ്.എല്‍.പി ഫാസീലയുടെയും മകന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാറുണ്ടെന്ന വാര്‍ത്ത മാട്ടൂല്‍ ഗ്രാമം ഞെട്ടലോടെയാണ് അറിഞ്ഞത്. നാടിന്റെ പ്രതീക്ഷയായ വിദ്യാര്‍ത്ഥിയെയാണ് വാഹനാപകടം തട്ടിയെടുത്തത്.
എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അബ്ദുല്‍ ജബ്ബാര്‍. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞിരുന്നു. വളരെ സൗമ്യനായ ഈ വിദ്യാര്‍ത്ഥി നീറ്റ് സ്റ്റേറ്റ് മികച്ച റാങ്കിലാണ് അഡ്മിഷന്‍ നേടിയത്. വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് മെഡിക്കലിന് ചേര്‍ന്നത് ഇരട്ട സഹോദരനായ മറ്റൊരാള്‍ എന്‍ജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ്.
മൃതദേഹം ചൊവ്വാഴ്ച്ച വൈകിട്ടോടെ നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ജബ്ബാറിന്റെ വിയോഗത്തില്‍ അനുശോചിച്ചു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വീട് സന്ദര്‍ശിച്ചു കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ അനുശോചിച്ചു.