എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലെ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പാക്കി. നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞതെല്ലാം നിലവില്‍ ചെയ്യുന്നുണ്ടെന്ന് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ' കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത് പരിഗണിച്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
നവീന്‍ ബാബുവിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ സംരക്ഷിക്കണമെന്നും മറ്റു ഏജന്‍സികള്‍ കേസ് അന്വേഷണം നടത്തുകയാണെങ്കില്‍ അതു ആവശ്യമായി വരുമെന്നായിരുന്നു കുടുംബത്തിന്റെ വാദം. ഇതു പരിഗണിച്ചു കൊണ്ടാണ് ഡിജിറ്റല്‍ തെളിവുകളൊന്നും നഷ്ടമാവാതെ ശേഖരിക്കാന്‍ കോടതി ഉത്തരവിട്ടത്. നവീന്‍ ബാബു മുനീശ്വരന്‍ കോവിലില്‍ ഔദ്യോഗിക വാഹനത്തില്‍ ഇറങ്ങിയതും ഫോണ്‍ ശബ്ദസന്ദേശങ്ങളും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പി.പി ദിവ്യ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങളും സംരക്ഷിക്കണമെന്നായിരുന്നു ഭാര്യ മഞ്ജുള അഭിഭാഷകന്‍ മുഖേനെ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.
നേരത്തെ പ്രത്യേക അന്വേഷണ സംഘം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നടത്തുന്നത് ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പി.പി ദിവ്യ കേസ് അട്ടിമറിക്കുന്നതിനായി പരിശ്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു കുടുംബം സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.