പത്ത് വര്‍ഷം കൊണ്ട് കയറ്റി അയച്ചത് 50 ടണ്‍ ചകിരിച്ചോര്‍; ഇന്ത്യ നേടിയെടുത്തത് 13,000 കോടി രൂപ

പത്ത് വര്‍ഷം കൊണ്ട് കയറ്റി അയച്ചത് 50 ടണ്‍ ചകിരിച്ചോര്‍; ഇന്ത്യ നേടിയെടുത്തത് 13,000 കോടി രൂപ

Update: 2025-02-06 04:03 GMT

വടകര: ചകിരിച്ചോര്‍ വിറ്റ് ഇന്ത്യ നേടിയെടുത്തത് 13,000 കോടി രൂപ. പത്തുവര്‍ഷംകൊണ്ടാണ് രാജ്യം ഇത്രയധികം തുക നേടിയത്. 50 ലക്ഷം ടണ്‍ ചകിരിച്ചോറാണ് ഇക്കാലയളവില്‍ ഇന്ത്യ വിറ്റത്. തമിഴ്‌നാട്ടില്‍ നിന്നാണ് ചകിരിച്ചോര്‍ കൂടുതലായും കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് ഇതില്‍ വലിയ പ്രാധാന്യമില്ല.

നാളികേര ഉത്പന്നങ്ങളില്‍ ലോകവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഉത്തേജിതകരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) പോലും പത്തുവര്‍ഷത്തെ കയറ്റുമതിയില്‍ ചകിരിച്ചോറിന് പിറകിലാണ്. ഇക്കാലയളവില്‍ 11898 കോടിയുടെ ഉത്തേജിത കരിയാണ് കയറ്റിയയച്ചത്.

തേങ്ങയുടെ തൊണ്ടില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്നതാണ് ചകിരിച്ചോര്‍. മുന്‍പൊക്കെ ഇത് തൊണ്ടുതല്ലുന്ന മില്ലുകളില്‍ കെട്ടിക്കിടന്ന് ദുരിതം വിതച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി. കൃഷിയാവശ്യത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ആവശ്യക്കാരേറി.

ചെടികള്‍ നടാനും ചകിരിച്ചോറിനെ ഉപയോഗിക്കുന്നു. ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവാണ് മേന്മ. ഒരു കിലോ ചകിരിച്ചോറില്‍ എട്ടുലിറ്റര്‍വരെ വെള്ളം സംഭരിക്കും. അമേരിക്ക, ദക്ഷിണകൊറിയ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. ആഭ്യന്തര ഉപയോഗവും കൂടുകയാണ്.

ആന്ധ്രാപ്രദേശ്, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലും കയറ്റുമതിക്കായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മില്ലുകളുണ്ട്. അതേസമയം, കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ചകിരിച്ചോറിന് ആഭ്യന്തരമായി ആവശ്യം കൂടുന്നുണ്ട്.

കയറിനെക്കാള്‍ ഗ്ലാമര്‍

കയര്‍-കയറുത്പന്ന കയറ്റുമതിയില്‍ ചകിരിച്ചോറിന്റെ വിഹിതം 54.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 3396 കോടി രൂപയാണ് കയര്‍മേഖലയുടെ കയറ്റുമതി മൂല്യം. ഇതില്‍ 1837 കോടിയും ചകിരിച്ചോറിന്റെ സംഭാവനയാണ്.

പത്തുവര്‍ഷം മുന്‍പ് 3.16 ലക്ഷം ടണ്‍ ചകിരിച്ചോറാണ് കയറ്റി അയച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം 7.05 ലക്ഷമായി. കയര്‍ കയറ്റുമതി അതേസമയം, 25.7-ല്‍നിന്നും 14.2 ശതമാനത്തിലേക്ക് താഴ്ന്നു.

Tags:    

Similar News