ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലുള്ള കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ച് പൊലീസ്; മെറ്റയില്‍ നിന്നും തെളിവ് കിട്ടിയില്ലെന്ന് വിശദീകരണം
പത്തനംതിട്ട: ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലുള്ള കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ച് പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍നടപടിയാണ് നിര്‍ത്തിവെച്ചത്.
2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടികള്‍ നിര്‍ത്തിവെച്ചിട്ടുള്ളത്. വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക് വെച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. കോടതി വിധിക്ക് പിന്നാലെ ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയും രഹന ഫാത്തിമ വിവാദങ്ങളില്‍ പെട്ടിരുന്നു.