വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോയപ്പോള്‍ 80 പവന്‍ സ്വര്‍ണം സഹോദരിയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു; നാട്ടിലെത്തിയപ്പോള്‍ തിരികെ കിട്ടിയത് എട്ടു പവന്‍ മാത്രം: സഹോദരിക്കും മകള്‍ക്കുമെതിരെ പരാതി നല്‍കി 73കാരി
80 പവന്‍ സ്വര്‍ണം സഹോദരിയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു; തിരികെ കിട്ടിയത് എട്ടു പവന്‍
പത്തനംതിട്ട: വിദേശത്തേക്ക് പോയപ്പോള്‍ സഹോദരിയുടെ കൈയില്‍ 80 പവന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വീട്ടമ്മയ്ക്ക് രണ്ട് മാസംകഴിഞ്ഞ് തിരികെ നാട്ടില്‍ എത്തിയപ്പോള്‍ കിട്ടിയത് എട്ട് പവന്‍ മാത്രം. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണല്‍ യുപി സ്‌കൂളിന് സമീപം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസിക്കാണ് (73) സഹോദരിയെ ഏല്‍പ്പിച്ച സ്വര്‍ണം നഷ്ടപ്പെട്ടത്. ബാക്കി 72 പവന്‍ സ്വര്‍ണവും സഹോദരിയും മകളും ചേര്‍ന്ന് കൈക്കലാക്കുക ആയിരുന്നു. തുടര്‍ന്ന് റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി.
സഹോദരി വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി വിശ്വാസവഞ്ചനയ്ക്കാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം നവംബര്‍ 21-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. റോസമ്മ ദുബായില്‍ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍ സഹോദരിയെ ഏല്‍പ്പിച്ചു. തിരികെവരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞാണ് സ്വര്‍ണം സഹോദരി സാറാമ്മയെ ഏല്‍പ്പിച്ചത്.
തുടര്‍ന്ന് നാട്ടിലെത്തിയശേഷം ഇവര്‍ ജനുവരി 20-ന് തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നു സാറാമ്മ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം തിരികെ ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പോലീസില്‍ പരാതിനല്‍കി. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുമാണ് സ്വര്‍ണാഭരണങ്ങള്‍. പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, സിബി എട്ടുപവന്‍ സ്വര്‍ണം തിരിച്ചുകൊടുത്തു.
ബാക്കിയുള്ള 72 പവന്‍ വിവിധ സ്വര്‍ണാഭരണങ്ങള്‍ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലും പണയംവെച്ചതായി വെളിവായിട്ടുണ്ട്. സിബിയുടെയും മകന്റെയും പേരിലാണ് പണയംവെച്ചിരിക്കുന്നത്. ഇവ തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്.
റോസമ്മയുടെ ഭര്‍ത്താവ് 27 വര്‍ഷം മുമ്പ് മരിച്ചു. മകള്‍ കുടുംബമായി വിദേശത്താണ്. ഇന്‍സ്‌പെക്ടര്‍ ആര്‍.വി. അരുണ്‍ കുമാറിന്റെ നേതത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.