കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പില്‍ കയറിയപ്പോള്‍ ബൈക്കിലിടിക്കാന്‍ പോയെന്ന് ആരോപണം; ഡെപ്യൂട്ടി സ്പീക്കറുടെ കാറിന് മുന്നില്‍ ബൈക്ക് വച്ചു തടസ്സമുണ്ടാക്കി; വെട്ടിക്കോട്ടെ ദമ്പതികള്‍ അറസ്റ്റില്‍
ആലപ്പുഴ: അമിത വേഗത ആരോപിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിനുമുന്നില്‍ ബൈക്ക് കുറുകെവെച്ച് തടസ്സമുണ്ടാക്കിയ ദമ്പതിമാര്‍ അറസ്റ്റില്‍. വള്ളികുന്നം കെ.പി. റോഡിലൂടെ പോകുന്നതിനിടെയായിരുന്നു സംഭവം. കറ്റാനം വെട്ടിക്കോട് ഉദയഭവനത്തില്‍ ആദിത്യന്‍ (23), ഭാര്യ ശ്രുതി (21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കറ്റാനം ജങ്ഷനു കിഴക്കായിരുന്നു സംഭവം.
കായംകുളത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം ഡെപ്യൂട്ടി സ്പീക്കര്‍, അടൂര്‍ വഴി കോട്ടയത്തേക്കു പോകുകയായിരുന്നു. കായംകുളം ഭാഗത്തുനിന്ന് ഭാര്യയുമായി ബൈക്കില്‍വന്ന ആദിത്യന്‍, കറ്റാനം ജങ്ഷനിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാര്‍, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരുമായി ആദിത്യനും ഭാര്യയും തര്‍ക്കിച്ചു. വാഹനം കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പില്‍ കയറിയപ്പോള്‍ ഇവരുടെ ബൈക്കിലിടിക്കാന്‍ പോയെന്നാരോപിച്ചായിരുന്നു തര്‍ക്കം.
സംഭവമറിഞ്ഞ് വള്ളികുന്നം പോലീസെത്തെത്തി ആദിത്യനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത് ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അതിവേഗത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.