ഇസ്രയേല്‍ ജയിലില്‍ പലസ്തീന്‍ ബാലന്‍ മരിച്ചത് പട്ടിണി മൂലമെന്ന് സംശയം; ശരീര ഭാരം നന്നേ കുറഞ്ഞ 17കാരന്‍ കടുത്ത പോഷകാഹാര കുറവ് നേരിട്ടിരുന്നതായും റിപ്പോര്‍ട്ട്
ഇസ്രയേല്‍ ജയിലില്‍ പലസ്തീന്‍ ബാലന്‍ മരിച്ചത് പട്ടിണി മൂലമെന്ന് സംശയം
ടെല്‍ അവീവ്: പലസ്തീന്‍ ബാലന്‍ വാലിദ് അഹമ്മദ് ഇസ്രയേലിലെ ജയിലില്‍ മരിച്ചത് കടുത്ത പട്ടിണിയെ തുടര്‍ന്നെന്ന് സംശയം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആറുമാസത്തോളം ജയിലില്‍ക്കഴിഞ്ഞ വാലിദ് കടുത്ത പോഷകാഹാരക്കുറവ് നേരിട്ടിരുന്നെന്നും വന്‍കുടലില്‍ അണുബാധയുടെയും ദേഹത്ത് ചിരങ്ങിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നെന്നും ഇസ്രയേലി ഡോക്ടര്‍ ഡാനിയേല്‍ സോളമന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പലസ്തീന്‍തടവുകാര്‍ക്കുനേരേയുള്ള ക്രൂരതകളുടെപേരില്‍ കുപ്രസിദ്ധമായ മെഗിദ്ദോ ജയിലില്‍ കഴിഞ്ഞമാസമാണ് 17-കാരനായ വാലിദ് കുഴഞ്ഞുവീണ് മരിച്ചത്. റിപ്പോര്‍ട്ടില്‍ മരണകാരണം എന്തെന്ന് പറയുന്നില്ലെങ്കിലും വാലിദിന് ശരീരഭാരം നന്നേകുറഞ്ഞിരുന്നെന്നും പേശികള്‍ ക്ഷയിച്ചിരുന്നെന്നും പറയുന്നുണ്ട്. വാലിദിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഡിസംബര്‍ മുതല്‍ ഭക്ഷണം കിട്ടുന്നില്ലെന്ന് വാലിദ് ജയില്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നെന്ന് പറയുന്നു. 2024 സെപ്റ്റംബറിലാണ് ഇസ്രയേല്‍ സൈനികര്‍ക്കുനേരേ കല്ലെറിഞ്ഞെന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ വീട്ടില്‍നിന്ന് വാലിദിനെ സൈന്യം അറസ്റ്റുചെയ്തത്. ആറുമാസം ജയിലില്‍ പാര്‍പ്പിച്ചിട്ടും കുറ്റമൊന്നും ചുമത്തിയിരുന്നില്ല.